അരിയിട്ടു വാഴിക്കില്ല ട്രംപ് ഇന്ത്യക്കാരെ; ഇന്ത്യന്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടി വരുന്നു; ഇന്ത്യന്‍ അരിയുള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യന്‍ അരിയുള്‍പ്പടെയുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് .
ഇന്ത്യന്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാകുന്ന തീരുമാനത്തിലേക്കാണ് ട്രംപ് നീങ്ങുന്നത്.
എണ്ണ യുദ്ധത്തിന് പിന്നാലെ അരിക്കും കയറ്റുമതി താരിഫ് ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിപണിയിലിറങ്ങുമ്പോള്‍ ഇന്ത്യന്‍ കയറ്റുമതി വിപണിക്കാണ് അതിന്റെ പ്രത്യാഘാതം ഉണ്ടാവുക.
ഇന്ത്യന്‍ അരിയുള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന വ്യക്തമായ സൂചന ട്രംപ് നല്‍കിയത് അമേരിക്കന്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായാണ്. കാര്‍ഷിക ഇറക്കുമതിയെ സംബന്ധിച്ചുള്ള അമേരിക്കന്‍ കര്‍ഷകരുടെ ആശങ്കകളുമായി ബന്ധപ്പെട്ടായിരുന്നു ഇന്ത്യയ്ക്ക് പ്രശ്‌നമാകുന്ന ട്രംപിന്റെ പ്രതികരണം.

വൈറ്റ് ഹൗസില്‍ വെച്ചായിരുന്നു അമേരിക്കന്‍ കര്‍ഷകരെ പിന്തുണച്ചുള്ള പ്രസ്താവന ട്രംപ് നടത്തിയത്. അമേരിക്കയിലെ ഇന്ത്യന്‍ അരിയുടെ നിക്ഷേപത്തെ താന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ, തായ്ലന്‍ഡ്, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നും വില കുറഞ്ഞ അരി ലഭ്യമാക്കുന്നത് പണപ്പെരുപ്പവും മുന്‍കാല വ്യാപാര പ്രവര്‍ത്തനങ്ങളും ബാധിച്ച ഈ മേഖലയെ വീണ്ടും സമ്മര്‍ദത്തിലാക്കുകയാണെന്ന് അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ആശങ്ക അറിയിച്ചിരുന്നു.
ഈ ആശങ്കകള്‍ക്കുള്ള പരിഹാരം ഇന്ത്യന്‍ അരിക്കും മറ്റും താരിഫ് വര്‍ധിപ്പിക്കുകയെന്ന തന്ത്രമാണ് ട്രംപ് പുറത്തെടുക്കുന്നത്.
തങ്ങളുടെ കര്‍ഷകര്‍ രാജ്യത്തിന്റെ സ്വത്താണെന്നും നട്ടെല്ലാണെന്നും ട്രംപ് പറഞ്ഞു. ആരും ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ രാജ്യങ്ങള്‍ തങ്ങളെ മുതലെടുത്തെന്നും അമേരിക്കന്‍ ഉല്‍പ്പന്നങ്ങളെ സംരക്ഷിക്കാന്‍ താരിഫ് കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര ഉല്‍പ്പാദനത്തെ പിന്തുണക്കുന്നതിന് വേണ്ടി കനേഡിയന്‍ വളങ്ങളെയും താരിഫില്‍ ലക്ഷ്യമിടാമെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ക്ക് 12 ബില്യണ്‍ ഡോളറിന്റെ പുതിയ സഹായവും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
തങ്ങളുടെ കര്‍ഷകര്‍ക്കായി മറ്റു രാജ്യങ്ങളിലെ കര്‍ഷകരെ കണ്ണീരു കുടിപ്പിക്കാനാണ് ട്രംപിന്റെ നീക്കമെന്ന് ഇന്ത്യന്‍ കാര്‍ഷിക കയറ്റുമതി രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ മനസിലുള്ള ആശയം നടപ്പാക്കുമ്പോള്‍ അമേരിക്കയിലെ ഇന്ത്യന്‍ അരിയുടെ വിപണി ഇല്ലാതാകുമെന്നതില്‍ തര്‍ക്കമില്ല.






