Breaking NewsKeralaLead NewsNEWSNewsthen Specialpolitics

രണ്ടാംഘട്ട വോട്ടെടുപ്പില്‍ ദിലീപ് വിധിനിര്‍ണയിക്കുമോ എന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് ആശങ്ക; നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി മനസില്‍ വെച്ച് വോട്ടര്‍മാര്‍ വോട്ടുകുത്തിയാല്‍; അവസാന നിമിഷം കലമുടച്ചതിന്റെ വേവലാതി കോണ്‍ഗ്രസിന്; വിചാരിച്ച ഗ്രിപ്പിനേക്കാള്‍ നേട്ടം കൊയ്ത് ഇടതുപക്ഷം; മൗനത്തിലാണ്ട് ബിജെപി; പി.ടി.യാണ് ഞങ്ങളുടെ ഹീറോയെന്ന് ഓര്‍മിപ്പിച്ച് ടി.സിദ്ധിഖ് എംഎല്‍എ

 

തൃശൂര്‍: രണ്ടാംഘട്ട വോട്ടെടുപ്പിന്റെ കൊട്ടിക്കലാശം കഴിയുമ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിക്ക് രാഷ്ട്രീയമാനം കൈവന്ന സാഹചര്യത്തില്‍ വോട്ടര്‍മാര്‍ 11ന് ജനവിധി രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തിലെത്തുന്ന വോട്ടര്‍മാരെ സ്വാധീനിക്കുമോ എന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് ആശങ്ക. സ്ത്രീ വോട്ടര്‍മാര്‍ കോടതി വിധിയോടുള്ള അവരുടെ പ്രതികരണം വോട്ടിംഗ് മെഷിനില്‍ കാണിക്കുമോ എന്നറിയില്ല എന്ന ആശങ്ക പല സ്ഥാനാര്‍ത്ഥികള്‍ക്കുമുണ്ട്.

Signature-ad

ഒന്നാംഘട്ട വോട്ടെടുപ്പിനേക്കാള്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ കോടതി വിധി റിഫ്‌ളക്ട് ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നുണ്ട്.
പ്രത്യേകിച്ച് ആക്രമിക്കപ്പെട്ട നടിയുടെ ഹോം ജില്ലയായതിനാല്‍ തൃശൂരില്‍ വിധിയുടെ അലയൊലി പോളിംഗ് ബൂത്തിലുണ്ടാകുമോ എന്നാണ് രാഷ്ട്രീയ കക്ഷികളുടേയും സ്ഥാനാര്‍ത്ഥികളുടേയും ആശങ്ക.

 

യുഡിഎഫിനെ ആകപ്പാടെ വെട്ടിലാക്കി അടൂര്‍ പ്രകാശ് നടത്തിയ ദിലീപ് അനുകൂല പ്രസ്താവന തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രത്യേകിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ഒന്നാംഘട്ട വോട്ടെടുപ്പ് ദിവസം അടൂര്‍ പ്രകാശ് നടത്തിയ പ്രസ്താവന രാഷ്ട്രീയ വിവാദമാവുകയും കേരളമാകെ കോണ്‍ഗ്രസിനും യുഡിഎഫിനുമെതിരെ വിമര്‍ശനമുയരുകയും ചെയ്തത് വളരെ ആശങ്കയോടെയാണ് കോണ്‍ഗ്രസ് നേതൃത്വം നോക്കിക്കാണുന്നത്. അടൂരിനെ തിരുത്തി കോണ്‍ഗ്രസ് നേതാക്കളെല്ലാം പൊടുന്നനെ രംഗത്തിറങ്ങുകയും അടൂര്‍ പ്രകാശ് തന്നെ പിന്നീട് താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ക്കു മേല്‍ പഴിചാരി സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും ഇടതുപക്ഷം അടൂരിന്റെ പ്രസ്താവനയെ യുഡിഎഫിനെതിരെയുള്ള വജ്രായുധമാക്കിയിട്ടുണ്ട്.
കോടതി വിധിയുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനും പ്രോസിക്യൂഷനുമെതിരെ ആഞ്ഞടിക്കാന്‍ കിട്ടിയ അവസരമാണ് കോണ്‍ഗ്രസും യുഡിഎഫും ഇല്ലാതാക്കിയതെന്ന് തൃശൂര്‍-കാസര്‍കോട് വലതുപക്ഷ ബെല്‍റ്റിന് പരക്കെ അഭിപ്രായമുണ്ട്.
എന്നാല്‍ സര്‍ക്കാരിനെ പൂര്‍ണമായി പിന്തുണച്ച് അപ്പീലിനു പോകണമെന്ന അഭിപ്രായം പ്രകടിപ്പിക്കുകയും അതിജീവിതക്കൊപ്പമാണെന്ന് തുറന്നുപറയുകയും ചെയ്തുകൊണ്ട് അടൂര്‍ പ്രകാശ് സൃഷ്ടിച്ച കോട്ടം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളമൊട്ടാകെ പരിശ്രമിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ കേസില്‍ കുറേക്കൂടി ജാഗ്രത പാലിച്ച് കേസ് പിഴവുകളില്ലാതെ നടത്തണമായിരുന്നുവെന്നും ആറു പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞെങ്കിലും അതിജീവിത വിധിയില്‍ അതൃപ്തി പ്രകടിപ്പിക്കുകയും കേസ് പൂര്‍ണമായി ക്ലോസ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ വന്നതും പ്രോസിക്യൂഷന്റെ പരാജയം തന്നെയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നുണ്ട്.

 

സര്‍ക്കാരിനെതിരെ കോടതി വിധിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി യുഡിഎഫ് രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്‍പ് ആഞ്ഞടിക്കുമെന്ന ആശങ്കയിലിരിക്കുമ്പോഴാണ് ഇടതുപക്ഷത്തിന് അപ്രതീക്ഷിതമായി എതിരാളിയുടെ ഗോള്‍പോസ്റ്റില്‍ അടൂര്‍ പ്രകാശ്
സെല്‍ഫ് ഗോളടിക്കുന്നത്. നിമിഷനേരം കളയാതെ അടൂര്‍ പ്രകാശിന്റെ വാക്കുകള്‍ കൊത്തിയെടുത്ത് സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും സിപിഐയുമെല്ലാം യുഡിഎഫിനെയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ച് മുന്നേറി.
അപകടം മണത്ത കോണ്‍ഗ്രസ് ഉടന്‍ തന്നെ കളത്തില്‍ ഇരച്ചുകയറി കളിച്ച് കളി കയ്യില്‍ നിന്ന് പോകാതെ നോക്കിയതിന് കോണ്‍ഗ്രസ് നേതൃത്വത്തിന് കയ്യടി കൊടുക്കാതെ നിവൃത്തിയില്ല.
കോടതി വിധി സര്‍ക്കാരിന്റെ നേട്ടമായി കൊട്ടിഘോഷിക്കുന്നതിനേക്കാള്‍ യുഡിഎഫ് അതിജീവിതക്കൊപ്പമല്ല എന്ന് അടൂര്‍ പ്രകാശിന്റെ വാക്കുകളെ മുന്‍നിര്‍ത്തി ആരോപിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും.
രണ്ടാംഘട്ട വോട്ടെടുപ്പ് ബാക്കിനില്‍ക്കെ സിപിഎം ഈ പ്രചരണം നിശബ്ദ പ്രചരണം ദിവസവും ശക്തമാക്കാനാണ് നീങ്ങുന്നത്. അടൂര്‍ പ്രകാശിന്റെ വാക്കുകള്‍ സൈബറിടത്തില്‍ വ്യാപകമാക്കാനും തന്ത്രം മെനഞ്ഞിട്ടുണ്ട് ഇടതുപക്ഷം.
കേസിലെ ആറു പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ചുകൊടുക്കാനുള്ള അവസാന ലാപ്പിലാണ് ഈ സര്‍ക്കാരെന്നും ഹൈക്കോടതിയില്‍ അപ്പീലിനു പോകുന്നുണ്ടെന്നും തങ്ങള്‍ അതിജീവിതക്കൊപ്പം തന്നെയാണെന്നും ആവര്‍ത്തിച്ചു വ്യക്തമാക്കിക്കൊണ്ടാണ് എല്‍ഡിഎഫ് രണ്ടാംഘട്ട വോട്ടെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. എന്നാല്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി നടപടി സര്‍ക്കാരിന്റെ വീഴ്ചയാണെന്ന പ്രചരണം കോണ്‍ഗ്രസ് ശക്തമാക്കുന്നുണ്ട്. ദിലീപിനെ മുന്‍നിര്‍ത്തി സിപിഎമ്മിനെയും എല്‍ഡിഎഫ് സര്‍ക്കാരിനേയും ആക്രമിക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നതെങ്കിലും അടൂര്‍ ഷോക്കില്‍ അത് പാളി. എങ്കിലും അതേ പോയന്റുമായി നിശബ്ദ പ്രചരണദിനത്തില്‍ പാളിച്ചകള്‍ മാറ്റാനാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നീക്കം.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം കോണ്‍ഗ്രസിനെ തളര്‍ത്തിയതിനു പിന്നാലെ വന്ന അടൂര്‍ പ്രകാശിന്റെ ദിലീപ് അനുകൂല വാക്കുകള്‍ കോണ്‍ഗ്രസിന് ഇടിവെട്ടിയവന്റെ തലയില്‍ തേങ്ങവീഴുകയും പാമ്പുകടിക്കുകയും ചെയ്ത പോലെയായി.
ഇത്ര ദിവസമായിട്ടും രാഹുലിനെ പിടികൂടാന്‍ കഴിയാത്തതിന്റെ നാണക്കേട് സംസ്ഥാന സര്‍ക്കാരിനുമുണ്ട്.

ദിലീപ് വിഷയത്തില്‍ ബിജെപി ദിലീപിനെതിരെ ഒന്നും പറഞ്ഞിട്ടില്ല.

 

എന്നാല്‍ കോണ്‍ഗ്രസിനകത്ത് അടൂര്‍ പ്രകാശിനെതിരെയുള്ള അമര്‍ഷം അവസാനിക്കാതെ പുകയുകയാണ്.
അടൂര്‍ പ്രകാശിനെ തള്ളി കോണ്‍ഗ്രസ് എംഎല്‍എ ടി.സിദ്ദിഖ് രംഗത്തെത്തിയത് കടുത്ത ഭാഷയിലുള്ള വിമര്‍ശനവുമായാണ്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസ് കേസില്‍ സ്വീകരിച്ച നിലപാട് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ടി.സിദ്ദിഖിന്റെ പ്രതികരണം. നീതിക്കൊപ്പം മാത്രം നിന്ന പി.ടിയാണ് ഞങ്ങള്‍ കോണ്‍ഗ്രസുകാരുടെ വഴികാട്ടിയെന്ന് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കുന്നു.
അസുഖ ബാധിതനായിരിക്കെ കടുത്ത സമ്മര്‍ദ്ദത്തെ അതിജീവിച്ച് അതിജീവിതയ്‌ക്കൊപ്പം നിന്ന ഞങ്ങളുടെ പി. ടിയാണ് ഞങ്ങളുടെ ഹീറോ. വ്യക്തിപരമായ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ല- ടി സിദ്ദിഖ് ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: