വടകര: ദേശീയപാതയിൽ നിർത്തിയിടുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. രാത്രികാലങ്ങളിൽ പാർക്ക് ചെയ്യുന്ന നാഷനൽ പെർമിറ്റ് ലോറി ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള മറ്റു സാധനങ്ങളും കൊള്ളയടിക്കുന്ന സംഘത്തിലെ പ്രതി വടകര താഴെ അങ്ങാടി ആടുമുക്ക് സ്വദേശി കൊയിലോറേമ്മൽ ലത്തീഫിനെയാണ് (35) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പ്രതിയുടെ ഭാര്യ വീടായ അഴിയൂർ കോറോത്ത് റോഡിൽ മൊയിലാർ പറമ്പത്താണ് ഇപ്പോൾ താമസിക്കുന്നത്.
ഇക്കഴിഞ്ഞ 11ന് ശിവകാശിയിൽനിന്നും എത്തിയ ലോറി വടകര കൃഷ്ണ കൃപ കല്യാണ മണ്ഡപത്തിന് മുൻവശം നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവർ ദാമോദർ കണ്ണനെ ഭീഷണിപ്പെടുത്തി 13,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും കവർച്ച നടത്തി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന കൂട്ടുപ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സമാന രീതിയിൽ ചോമ്പാൽ പോലീസും ഒരു കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട് .ഈ കേസിലും പ്രതിക്ക് പങ്കുണ്ടെന്നാണ് പോലീസ് നിഗമനം.നേരത്തെ നിരവധി കളവ് കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു .പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ ചെയ്തു. അന്വേഷണ സംഘത്തിൽ സി ഐ പി എം മനോജ്, എസ് ഐ സജീഷ്,യുസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.