Fiction

അമിതപ്രതീക്ഷകളും പരിഭവങ്ങളും വർജ്ജിക്കൂ, ജീവിതം സന്തോഷകരമാക്കൂ

യാത്രയ്ക്കിടെ ആ ധനികന്റെ കാര്‍ കേടായി. ധനികന് ഒരു സൈക്കിള്‍ റിക്ഷാക്കാരനെ ആശ്രയിക്കേണ്ടി വന്നു. ലക്ഷ്യസ്ഥാനത്തെത്താന്‍ എത്രരൂപയാകുമെന്ന് ചോദിച്ചപ്പോള്‍ ‘ഇരുപത്’ എന്ന് മറുപടി പറഞ്ഞ് അയാള്‍ മൂളിപ്പാട്ടും പാടി സൈക്കിള്‍ ചവിട്ടിതുടങ്ങി. വരുമാനം ഇത്രയും കുറവായിട്ടും എങ്ങനെ ഇത്രയധികം സന്തോഷവാനായി ഇരിക്കുന്നു എന്നതില്‍ ധനികന് അത്ഭുതം തോന്നി. അദ്ദേഹം മറ്റൊരു ദിവസം സൈക്കിള്‍ റിക്ഷാക്കാരനെ വിരുന്നിന് ക്ഷണിച്ചു. വിഭവസമൃദ്ധമായ സദ്യയായിരുന്നെങ്കിലും ഇതിനുമുമ്പും ഇത്തരം ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് സൈക്കിള്‍ റിക്ഷാക്കാരന്റെ ശരീരഭാഷയില്‍ നിന്നും അയാള്‍ക്ക് മനസ്സിലായി. പിന്നീട്, ഒരാഴ്ച തന്റെ വീട്ടില്‍ താമസിക്കാന്‍ ക്ഷണിച്ചു. വിലപിടിപ്പുള്ള വസ്ത്രങ്ങളും സൗകര്യങ്ങളും നല്‍കി. ഒരാഴ്ചകഴിഞ്ഞപ്പോള്‍ തിരിച്ചുപോകാന്‍ നേരവും സൈക്കിള്‍ റിക്ഷാക്കാരന്‍ മൂളിപ്പാട്ടും പാടി പോകാനിങ്ങി. ഇത്രയധികം സുഖസൗകര്യങ്ങള്‍ ഇല്ലാതാകുന്നു എന്ന നിരാശയൊന്നും അയാളില്‍ കാണാന്‍ സാധിച്ചില്ല. അപ്പോള്‍ ധനികന്‍ ചോദിച്ചു:

“നിങ്ങളെങ്ങിനെയാണ് എപ്പോഴും സന്തോഷവാനായിരിക്കുന്നത്…?”

“നിരാശപ്പെടാനുള്ള ഒരു കാരണവും ഇന്നുവരെ എന്റെ ജീവിത്തില്‍ ഉണ്ടായിട്ടില്ല.”

അയാളുടെ മറുപടി അതായിരുന്നു.

അമിതപ്രതീക്ഷകളും പരിഭവങ്ങളും ഇല്ലാത്തവര്‍ക്കുമാത്രമേ എപ്പോഴും സന്തോഷിക്കാന്‍ കഴിയൂ. കാരണം ഉണ്ടാകുമ്പോള്‍ മാത്രം സന്തോഷിക്കുന്നവരുടെ ആനന്ദം ആ കാരണം കഴിയുന്നതോടെ ഇല്ലാതാകും. എന്നാല്‍ ഒരു കാരണവുമില്ലാതെ സന്തോഷിക്കാന്‍ കഴിയുന്നവര്‍ എപ്പോഴും പ്രസന്നവദനരായിരിക്കും. അവര്‍ക്കുമുന്നില്‍ വരുന്ന ആളുകളും സഞ്ചാരപാതകളും കടന്നുപോകുന്ന അനുഭവങ്ങളുമെല്ലാം സന്തോഷം ജനിപ്പിക്കുന്നവ മാത്രമാണ്. പരിപൂര്‍ണ്ണമായും തന്നിഷ്ടപ്രകാരം എല്ലാം സംഭവിക്കുന്ന ഒരു ദിനം പോലും ആരുടേയും ജിവിതത്തിലുണ്ടാകാറില്ല. കുറച്ചു നേരം ഒഴുക്കിനൊപ്പം നീന്തുന്നതും പുഴ ആസ്വദിക്കുന്നതിനുളള മാര്‍ഗ്ഗമാണ്. താരതമ്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക, അനാരോഗ്യവും പരാജയവും തളര്‍ച്ചയുമെല്ലാം ഒഴിവാക്കാനാകാത്തതാണെന്ന തിരിച്ചറിവു ഉണ്ടാകുക, അപ്പോള്‍ സന്തോഷം തനിയെ കടന്നുവരുന്നത് കാണാം. നമുക്ക് ഉള്ളില്‍ ആനന്ദം നിറയ്ക്കാന്‍ ശ്രമിക്കാം.

ശുഭദിനം നേരുന്നു.

സൂര്യനാരായണൻ

ചിത്രം- നിപു കുമാർ

Back to top button
error: