ആലപ്പുഴ: സി.പി.എമ്മിനെ പിടിച്ചുലച്ച അശ്ലീലവീഡിയോ വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. അശ്ലീലവീഡിയോ വിവാദം രാഷ്ട്രീയ പകപോക്കലായിരുന്നുവെന്നും പാര്‍ട്ടി നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ച് പരാതി എഴുതിവാങ്ങിയതാണെന്നും വെളിപ്പെടുത്തി പരാതിക്കാരി രംഗത്തെത്തി. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട എ.പി. സോണ മകളെ ഉപദ്രവിച്ചെന്ന ആരോപണത്തില്‍ വാസ്തവമില്ല. ഇയാളുടെ കൈയില്‍നിന്ന് കണ്ടെടുത്ത അശ്ലീലദൃശ്യങ്ങള്‍ വ്യാജമായി നിര്‍മിച്ചതാണെന്നാണ് സംശയമെന്നും പരാതിക്കാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരുമാസം മുന്‍പാണ് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗമായ എ.പി. സോണയെ അശ്ലീലവീഡിയോ വിവാദത്തില്‍ പാര്‍ട്ടി പുറത്താക്കിയത്. മൂന്നുമാസം മുമ്പ് നടന്ന സംഭവത്തിലായിരുന്നു നടപടി. സോണ ഒരു പെണ്‍കുട്ടിയെ കയറിപിടിക്കാന്‍ ശ്രമിച്ചെന്നും ഇതിനെത്തുടര്‍ന്ന് ഇയാളെ പിടികൂടി ഫോണ്‍ പരിശോധിച്ചപ്പോള്‍ മുപ്പതിലേറെ സ്ത്രീകളുടെ അശ്ലീലവീഡിയോ കണ്ടെടുത്തെന്നുമായിരുന്നു പരാതി. സംഭവത്തില്‍ പാര്‍ട്ടി കമ്മിഷന്‍ അന്വേഷണം നടത്തിയതിന് ശേഷമാണ് സോണയെ പുറത്താക്കിയത്.
അതേസമയം, ഈ പരാതിയെല്ലാം വാസ്തവവിരുദ്ധമാണെന്നാണ് പരാതിക്കാരി പറയുന്നത്. സോണയ്ക്കെതിരേ താന്‍ പരാതി നല്‍കിയിട്ടില്ല. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഭാര്യയും ഉള്‍പ്പെടെ മൂന്ന് നേതാക്കളാണ് പരാതി എഴുതിവാങ്ങിയത്. എന്നാല്‍, ഇവര്‍ ഇല്ലാത്തകാര്യങ്ങള്‍ പരാതിയില്‍ എഴുതിപ്പിടിപ്പിക്കുകയായിരുന്നു. മകളെക്കുറിച്ചും തന്നെക്കുറിച്ചും മോശപ്പെട്ടകാര്യങ്ങള്‍ എഴുതി. ഇപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയാത്തരീതയില്‍ മാനംകെടുത്തുകയാണെന്നും പരാതിക്കാരി ആരോപിച്ചു.
എ.പി.സോണ നിരപരാധിയാണ്. ഇയാള്‍ നേരത്തെ ഒന്നരലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഈ സാമ്പത്തിക ഇടപാടില്‍ മാത്രമാണ് തനിക്ക് പരാതിയുണ്ടായിരുന്നത്. പാര്‍ട്ടി കമ്മിഷന്‍ മൊഴിയെടുത്തപ്പോള്‍ എല്ലാകാര്യങ്ങളും തുറന്നുപറഞ്ഞിരുന്നു. എന്നാല്‍, അതൊന്നും പുറത്തുവന്നില്ല. ഈ സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദമാക്കിയതെന്നും പരാതിക്കാരി പറഞ്ഞു. സോണയുടെ രണ്ട് സഹോദരിമാരും പരാതിക്കാരിയായ സ്ത്രീക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.