NEWSWorld

പെഷാവര്‍ സ്‌ഫോടനത്തില്‍ സുരക്ഷാ വീഴ്ച സമ്മതിച്ച് പാക് പോലീസ് മേധാവി, ചാവേറിന് സേനയിൽ നിന്നു സഹായം ലഭിച്ചെന്നും സംശയം 

പെഷാവര്‍: പാകിസ്താനിലെ പള്ളിയില്‍ 101 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ സ്‌ഫോടനത്തില്‍ സുരക്ഷാ വീഴ്ച സമ്മതിച്ച് പാക് പോലീസ് മേധാവി. യൂണിഫോമും ഹെല്‍മെറ്റും ധരിച്ചാണ് ചാവേര്‍ പള്ളിയിലെത്തിയതെന്നും സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന പോലീസുകാര്‍ തടയാന്‍ ശ്രമിച്ചില്ലെന്നും ഖൈബര്‍ പഖ്തുന്‍ക്വ പ്രവിശ്യാ പോലീസ് തലവന്‍ മൊവാസം ജാ അന്‍സാരി പറഞ്ഞു.

അഫ്ഗാന്‍ അതിര്‍ത്തിയിയോടു ചേര്‍ന്ന അതീവ സുരക്ഷാമേഖലയിലാണു പള്ളി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ത്രിതല സുരക്ഷാ വലയമാണു പള്ളിക്കു ചുറ്റുമുള്ളത്. ഈ വലയം ഭേദിച്ചെത്തിയ ചാവേറാണ് ആക്രമണം നടത്തിയത്. ഇതാണ് സുരക്ഷാ വീഴ്ചയുണ്ടായെന്നു സ്ഥിരീകരിക്കാന്‍ കാരണം. പോലീസ് യൂണിഫോമും സുരക്ഷാ ഹെല്‍മെറ്റും ധരിച്ച് സ്‌ഫോടകവസ്തുക്കളുമായെത്തിയ ചാവേറിനെ ഒരു ഘട്ടത്തിലും തടയാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ലെന്ന് മൊവാസം ജാ അന്‍സാരി പറഞ്ഞു. സുരക്ഷാ വീഴ്ചയാണ് ഇതു സൂചിപ്പിക്കുന്നത്.

പാക് പോലീസ് സേനയ്ക്കുള്ളില്‍നിന്ന് ചാവേറിന് സഹായം ലഭിച്ചിരുന്നോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സംഭവസമയം പോലീസ് ആസ്ഥാനത്തുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യാനാണ് തീരുമാനം. സംശയനിഴലിലുള്ള 23 ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് നമസ്‌കാരത്തിനിടെ പെഷാവര്‍ പോലീസ് ആസ്ഥാനത്തെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 101 പേര്‍ക്കാണു ജീവന്‍ നഷ്ടപ്പെട്ടത്. 221 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. മുന്നൂറോളം പേര്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇതില്‍ ബഹുഭൂരിപക്ഷവും പോലീസ് ഉദ്യോഗസ്ഥരാണ്. താലിബാന്റെ പാകിസ്താനിലെ സംഘടനയായ തെഹ്തീക് ഇ താലിബാന്‍ പാകിസ്താനാണ് ആക്രമണത്തിനു പിന്നിലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

Back to top button
error: