IndiaNEWS

പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന മോദി സര്‍ക്കാരിന്‍റെ മുഖമുദ്രയാണ് ബജറ്റിലുമുള്ളത്, കണക്കുകള്‍ കൊണ്ടുള്ള കൗശലം, തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊന്നു: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കണക്കുകള്‍ കൊണ്ടുള്ള കൗശലമാണ് കേന്ദ്ര ബജറ്റിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന മോദി സര്‍ക്കാരിന്‍റെ മുഖമുദ്രയാണ് ബജറ്റിലുമുള്ളത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബജറ്റിലൂടെയും ചെയ്തത്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം തൊഴിലുറപ്പ് പദ്ധതിക്ക് 89400 കോടിയാണ് വകയിരുത്തിയിരുന്നത്. ഇന്ന് ധനമന്ത്രി അവതരിപ്പച്ച ബജറ്റില്‍ 2023 – 24 വര്‍ഷത്തേക്ക് അറുപതിനായിരം കോടി മാത്രമെ വകയിരുത്തിയിട്ടുള്ളു. 29400 കോടിയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ പട്ടിണി അകറ്റിയ യുപിഎ സര്‍ക്കാരിന്‍റെ സ്വപ്‌ന പദ്ധതിയുടെ ആരാച്ചാരായി മാറുകയാണ് മോദി സര്‍ക്കാരെന്നും സതീശന്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയില്‍ ജീവിതമാര്‍ഗം അടഞ്ഞവരെ ബജറ്റ് പരിഗണിച്ചിട്ടില്ല. ചെറുകിടക്കാര്‍, തൊഴിലാളികള്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, കര്‍ഷകര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ കടുത്ത പ്രതിസന്ധിയിലാണ്. അവര്‍ക്കു വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ദാരിദ്ര്യരേഖയ്ക്ക് താഴെ എത്ര പേര്‍ ഉണ്ടെന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ പക്കല്‍ കണക്കില്ല. കൊവിഡാനന്തര കാലഘട്ടത്തില്‍ തൊഴിലില്ലായ്മ രൂക്ഷമായെന്നുള്ള യാഥാര്‍ത്ഥ്യത്തിന് നേരെ ബജറ്റ് കണ്ണടയ്ക്കുന്നു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതിനോ ഉള്ള പദ്ധതികളൊന്നും ബജറ്റിലില്ല. കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളുന്നതിനെ കുറിച്ചോ കടാശ്വാസ പദ്ധതികളെ കുറിച്ചോ ബജറ്റ് മൗനം പാലിക്കുകയാണ്.

Signature-ad

ബിജെപി ഭരിക്കുന്ന കര്‍ണാടകത്തിന് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 5300 കോടി രൂപയുടെ കുടിവെള്ള പദ്ധതി അടക്കം അനുവദിച്ചപ്പോള്‍ കേരളത്തിന് ബജറ്റ് വന്‍നിരാശയാണ് നല്‍കിയത്. എയിംസ് ലഭിക്കുമെന്ന കേരളത്തിന്‍റെ പ്രതീക്ഷ അസ്ഥാനത്തായി. കൊവിഡ് കാരണം മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി പ്രത്യേക പാക്കേജ്, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക, കശുവണ്ടി മേഖലയിലെ പ്രത്യേക പാക്കേജ് ഇവയൊന്നും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.

Back to top button
error: