IndiaNEWS

നരേന്ദ്ര മോദിക്കെതിരെയുള്ള ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡി വൈ എഫ്ഐയും യൂത്ത് കോണ്‍ഗ്രസും

  ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസും.  മോദി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡി.വൈ.എഫ്‌.ഐ അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ 200 കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് ഡിവൈഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും പറഞ്ഞു.

വൈകീട്ട് ആറ് മണിക്ക് പൂജപ്പുരയിലും  6.30ന് കാലടി സർവകലാശാലയിലും  ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ഇന്ന് ഉച്ചക്ക് 2 മണിക്ക് കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ജനുവരി 27 ന് ജില്ലയിലെ എല്ലാ ക്യാമ്പസുകളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചു.

ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ സംഘ്പരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്. ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓര്‍മ്മപ്പെടുത്തലുകള്‍ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം കേരളത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം തടയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്റി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു.

ഡോക്യുമെന്ററി ഡല്‍ഹി ജെ.എന്‍.യുവില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഇടത് സംഘടനകളും അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റില്‍ പ്രദര്‍ശനം നടത്തിയതിനെതിരെ എ.ബി.വി.പി പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്ത ഡോക്യുമെന്ററി ഇന്റര്‍നെറ്റ് ആര്‍ക്കൈവില്‍ നിന്നും ഒഴിവാക്കി. പല കാരണങ്ങള്‍ കൊണ്ടാണ് നീക്കിയതെന്നാണ് വിശദീകരണം. ഇതിനിടെ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബി.ബി.സി ഇന്ന് പുറത്തിറക്കും.

Back to top button
error: