IndiaNEWS

മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പ്: പ്രകാശ് അംബേദ്കറിന്റെ വന്‍ചിത് ബഹുജന്‍ അഘാഡിയുമായി സഖ്യം പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ സഖ്യം പ്രഖ്യാപിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ബി.ആര്‍. അംബേദ്കറിന്റെ പൗത്രന്‍ പ്രകാശ് അംബേദ്കറിന്റെ നേതൃത്വത്തിലുള്ള വന്‍ചിത് ബഹുജന്‍ അഘാഡി(വി.ബി.എ)യുമായാണ് ഉദ്ധവ് താക്കറെ സഖ്യമുണ്ടാക്കിയത്. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഉദ്ധവിന്റെ നീക്കം.  ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗം ശിവസേന പിളര്‍ത്തിയതിനുശേഷം മഹാരാഷ്ട്രയില്‍ നടക്കുന്ന ആദ്യ സുപ്രധാന തെരഞ്ഞെടുപ്പില്‍ മേല്‍െക്കെ നേടാനാണ് ഉദ്ധവിന്റെ ശ്രമം.

രണ്ടു മാസമായി പ്രകാശ് അംബേദ്കറും ഉദ്ധവ് താക്കറെയുമായി സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണ്. ബാല്‍ താക്കറെയുടെ ജന്മദിനത്തില്‍ സഖ്യം പ്രഖ്യാപിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഉദ്ധവ് താക്കറെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ”ജനുവരി 23, ബാലാസാഹെബ് താക്കറെയുടെ ജന്മവാര്‍ഷികമാണ്. മഹാരാഷ്ട്രയിലെ നിരവധി ആളുകള്‍ ഞങ്ങള്‍ ഒരുമിക്കണമെന്ന് ആഗ്രഹിച്ചതില്‍ എനിക്ക് സംതൃപ്തിയും സന്തോഷവുമുണ്ട്. ഞാനും പ്രകാശ് അംബേദ്കറും സഖ്യം രൂപീകരിക്കാനാണ് ഒരുമിച്ചെത്തിയത്” -ഉദ്ധവ് താക്കറെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Signature-ad

”എന്റെ മുത്തച്ഛനും പ്രകാശ് അംബേദ്കറുടെ മുത്തച്ഛനും സഹപ്രവര്‍ത്തകരായിരുന്നു. അവര്‍ അക്കാലത്ത് സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരേ പോരാടി. താക്കറെയ്ക്കും അംബേദ്കറിനും ഒരു ചരിത്രമുണ്ട്. ഇപ്പോള്‍ അവരുടെ പുതിയതലമുറകള്‍ രാജ്യത്തിന്റെ സമകാലിക പ്രശ്‌നങ്ങളില്‍ പോരാടാന്‍ ഇവിടെയുണ്ട്”- ഉദ്ധവ് കൂട്ടിച്ചേര്‍ത്തു. ഈ സഖ്യം രാജ്യത്ത് പുതിയ രാഷ്ട്രീയത്തിന്റെ തുടക്കമാണെന്ന് പ്രകാശ് അംബേദ്കര്‍ പറഞ്ഞു. സാമൂഹിക വിഷയങ്ങളില്‍ ഞങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. അത്തരം സാമൂഹിക വിഷയങ്ങളില്‍ തങ്ങള്‍ വിജയിക്കുമോ ഇല്ലയോ എന്നത് വോട്ടര്‍മാരാണു തീരുമാനിക്കേണ്ടത്. ഇത്തരം ആളുകള്‍ക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കുകയെന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വമാണെന്നും പ്രകാശ് അംബേദ്കര്‍ പറഞ്ഞു.

അതേസമയം, ഉദ്ധവ് താക്കറെയുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസും ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും (എന്‍സിപി) പുതിയ സഖ്യപ്രഖ്യാപനത്തില്‍ പങ്കെടുത്തില്ല. സഖ്യ പ്രശ്‌നത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശരദ് പവാര്‍ പ്രതികരിച്ചു. അതേസമയം, പുതിയ സഖ്യത്തെ കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന് പ്രകാശ് അംബേദ്കര്‍ പറഞ്ഞു. ”ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും മാത്രമേയുള്ളൂ. കോണ്‍ഗ്രസ് ഇതുവരെ സഖ്യം അംഗീകരിച്ചിട്ടില്ല. ശരദ് പവാറും സഖ്യത്തില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു” -പ്രകാശ് അംബേദ്കര്‍ പറഞ്ഞു. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും സഖ്യമുണ്ടാക്കാന്‍ പ്രകാശ് അംബേദ്കര്‍ ശ്രമിച്ചിരുന്നുവെങ്കിലും സീറ്റ് വിഭജനത്തില്‍ ധാരണയാകാത്തതിനെത്തുടര്‍ന്ന് ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

Back to top button
error: