IndiaNEWS

ഹിജാബ് നിരോധനം: ഹർജി പരിഗണിക്കാന്‍ മൂന്നംഗ ബെഞ്ച് രൂപീകരിക്കുന്നത് ആലോചിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജി പരിഗണിക്കാന്‍ മൂന്നംഗ ബെഞ്ച് രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. കേസ് പരിഗണിക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറയുടെ സബ്മിഷന്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ആര്‍. രാമസുബ്രഹ്മണ്യന്‍, ജെ.ബി. പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെ പ്രതികരണം. കര്‍ണാടകയിലെ ചില ക്ലാസുകളില്‍ ഫെബ്രുവരി ആറു മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കുകയാണെന്നും ഇക്കാര്യം പരിഗണിച്ച് വിഷയത്തില്‍ ഇടക്കാല വിധി പുറപ്പെടുവിച്ചാല്‍ പെണ്‍കുട്ടികള്‍ക്ക് സഹായകരമാകുമെന്നുമാണ് മീനാക്ഷി അറോറ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീലില്‍ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് ഭിന്നവിധിയാണു പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അപ്പീലുകള്‍ തള്ളിയപ്പോള്‍, അതിനു വിരുദ്ധമായ വിധിയാണ് ജസ്റ്റിസ് സുധാംശു ധുലിയ എഴുതിയത്. ഇതേത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കണമെന്നായിരുന്നു അഡ്വ. മീനാക്ഷി അറോറയുടെ ആവശ്യം. കുട്ടികൾക്ക് സ്കൂളിൽ പോകുന്നതിലുള്ള അനിശ്ചിതത്വം ഒഴിവാക്കാൻ ഇടക്കാല വിധി വേണമെന്നും അവർ ചൂണ്ടിക്കാട്ടി.

Back to top button
error: