KeralaNEWS

ആറാക്കല്‍ വീട്ടിൽ കണ്ണീർപ്പുഴ, അഞ്ജുവിനും മക്കൾക്കും അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത് ആയിരങ്ങള്‍

വൈക്കം: ഇംഗ്ലണ്ടില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകള്‍ അഞ്ജു(39)വിന്റെയും മക്കളായ ജീവ(6)യുടെയും ജാന്‍വി(4)യുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ശാന്തമായി ഒഴുകിയ മൂവാറ്റുപുഴയാറിന്റെ തീരത്ത് കാത്തു നിന്ന വന്‍ജനാവലിയ്ക്കിടയിലൂടെ മൂന്ന് ആംബുലന്‍സുകള്‍ വന്നു നിന്നു. പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് ആദ്യം ചേതനയറ്റ അഞ്ജുവിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്നും എടുത്തുവെച്ചു. പിന്നാലെ മക്കളായ ജീവയുടെയും ജാന്‍വിയുടെയും മൃതദേഹങ്ങള്‍ അഞ്ജുവിന്റെ ഇടത്തും വലത്തുമായി വെച്ചപ്പോള്‍ നാട് അലമുറയിട്ട് കരഞ്ഞു. മൃതദേഹങ്ങള്‍ക്കരികിലിരുന്ന നെഞ്ചുരുകി കരഞ്ഞ അഞ്ജുവിന്റെ അച്ഛന്‍ അശോകനെയും ഭാര്യ കൃഷണമ്മയെയും സഹോദരി അശ്വതിയെയും സമാധാനിപ്പിക്കാന്‍ ഉറ്റബന്ധുക്കള്‍ക്കായില്ല. പലരും നിസ്സഹായരായി നോക്കി നിന്നു. തളര്‍ന്നു വീണ മൂവരെയും പിന്നീട് വീട്ടിലേക്ക് മാറ്റി.

മൂന്ന് മണിക്കൂറോളം മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. നിരവധിയാളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആറാക്കല്‍ വീട്ടിലേക്ക് എത്തിയത്. തുടര്‍ന്ന് വീടിന് മുന്നില്‍ നേരത്തെ തയ്യാറാക്കിയ ചിതകളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. അശോകന്റെ സഹോദരന്‍ മനോഹരന്റെ മകന്‍ ഉണ്ണി ചിതകള്‍ക്ക് തീകൊളുത്തി.

കഴിഞ്ഞ ഡിസംബര്‍ 15-ന് രാത്രിയിലാണ് അഞ്ജുവിനെയും മക്കളായ ജീവ, ജാന്‍വി എന്നിവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ ചേലേവാലില്‍ സാജു(52)വിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. സംഭവം നടന്ന് 29 ദിവസത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്.അന്തിമോപചാരമർപ്പിച്ചു.അഞ്ചു വിൻ്റെയും കുട്ടികളുടെയും മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രി വി .മുരളീധരൻ നേരിട്ട് ഇടപെട്ടിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍, സി.കെ ആശ എം.എല്‍.എ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക സാമുദായിക രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Back to top button
error: