KeralaNEWS

ജാതി പറഞ്ഞ് സമൂഹത്തിൽ വേർതിരിവിന് ശ്രമം നടത്തിയെന്ന് ഡോ. അരുൺ കുമാറിനെതിരെ പരാതി; കേരള സർവകലാശാലയോട് വിശദീകരണം തേടി യുജിസി

ന്യൂഡൽഹി: ജാതി പറഞ്ഞ് സമൂഹത്തിൽ വേർതിരിവിന് ശ്രമം നടത്തിയെന്ന് കേരള സർവകലാശാല അധ്യാപകൻ ഡോ. അരുൺ കുമാറിനെതിരെ പരാതി. ഇതേത്തുടർന്നു കേരള സർവകലാശാലയോട് വിശദാംശങ്ങൾ തേടി യുജിസി കത്തയച്ചു. യുജിസി ജോയിന്‍റ് സെക്രട്ടറിയാണ് കത്ത് നൽകിയത്. പഴയിടം മോഹനൻ നമ്പൂതിരിയെ കുറിച്ചുള്ള പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഡോ. അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി കിട്ടിയത്.

ജാതി പറഞ്ഞ് സമൂഹത്തിൽ വേർതിരിവിന് ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ അധ്യാപകൻ ഡോ. അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി ലഭിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് എഴുതിയെന്ന് കാട്ടിയാണ് യുജിസി ചെയർമാൻ എം ജഗദീഷ് കുമാറിന് കേരളത്തിൽ നിന്നടക്കം പരാതികൾ ലഭിച്ചത്.

ഈ പരാതിയിൽ പരിശോധന നടത്തി വിവരം അറിയിക്കാൻ യുജിസി ജോയിന്‍റ് സെക്രട്ടറി ഡോ. മഞ്ജു സിങ്ങ് ജെ എസിനാണ് യുജിസി ചെയർമാൻ നിർദ്ദേശം നൽകിയത്. അതേസമയം, കലോത്സവ ഭക്ഷണ വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിയെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം നടത്തിയിരുന്നു. കലോത്സവ വേദിയിൽ ഭക്ഷണം പാകം ചെയ്യില്ലെന്ന തീരുമാനത്തിൽ നിന്ന് പഴയിടം പിന്മാറുമെന്നാണ് പ്രതീക്ഷയെന്ന് കുറിച്ചിത്താനത്തെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മന്ത്രിയുമായ വി എൻ വാസവൻ പറഞ്ഞിരുന്നു.

Back to top button
error: