വാഷിങ്ടണ്‍: മൈക്രോ ബ്ലോഗിങ് സൈറ്റ് ട്വിറ്ററിന്റെ പാത പിന്തുടർന്ന് ആഗോള ടെക് ഭീമന്‍ ആമസോണും; ചെലവ് ചുരുക്കാൻ ഇരുപതിനായിരത്തോളം തൊഴിലാളികളെ പിരിച്ചുവിടുന്നു. പിരിച്ചുവിടുന്ന 18,000 ത്തിലധികം തൊഴിലാളികളെ ജനുവരി 18 മുതല്‍ അക്കാര്യം അറിയിക്കുമെന്ന് ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡി ജാസി ജീവനക്കാര്‍ക്ക് നല്‍കിയ കുറിപ്പില്‍ പറഞ്ഞു. മൂന്നു ലക്ഷത്തിലധികം തൊഴിലാളികളുള്ള ആമസോണില്‍ നിന്ന് ആറ് ശതമാനത്തോളം തൊഴിലാളികളെയാണ് ഇപ്പോള്‍ പിരിച്ചുവിടുന്നതെന്നാണ് ആന്‍ഡി ജാസി അറിയിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ ആമസോണ്‍ പിരിച്ചുവിടല്‍ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും എത്രത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന കണക്കുകള്‍ പറഞ്ഞിരുന്നില്ല. 10,000 ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്നായിരുന്നു അന്ന് വന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്ലറാണ് ആമസോണ്‍. ആമസോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്.
‘പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് എല്ലാ പിന്തുണയും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അവര്‍ക്കുള്ള സെപറേഷന്‍ പേമെന്റ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, മറ്റ് ജോബ് പ്ലേസ്‌മെന്റ് എന്നിവ അടങ്ങുന്ന പാക്കേജുകള്‍ നല്‍കും,’ ആന്‍ഡി ജാസി പറഞ്ഞു. ഭൂരിഭാഗം പിരിച്ചുവിടലും നടക്കുക ആമസോണ്‍ സ്‌റ്റോറുകളിലും എക്‌സ്പീരിയന്‍സ്, ടെക്‌നോളജി ടീമിലുമായിരിക്കുമെന്നും ജാസി പറഞ്ഞു. ഉത്സവ സീസണുകളില്‍ കൂടുതല്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കേണ്ടിയിരുന്ന കാലയളവില്‍ ഇത്തവണ ആമസോണ്‍ കമ്പനിയുടെ നേട്ടം മന്ദഗതിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ആമസോണിന്റെ ഷെയര്‍ മൂല്യം 40 ശതമാനത്തോളം ഇടിഞ്ഞിരുന്നു. വിലക്കയറ്റത്തിനിടയില്‍ ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും ചെലവഴിക്കാന്‍ പണം കുറവായതാണ് ഈ മാന്ദ്യത്തിന് കാരണമെന്നുമാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി പേഴ്‌സണല്‍ ഡെലിവറി റോബോട്ടുകളടക്കമുള്ള പ്രോജക്ടുകള്‍ നിര്‍ത്താനും അതിന്റെ ബിസിനസ് അവസാനിപ്പിക്കാനുമുള്ള നടപടികളും ആമസോണ്‍ സ്വീകരിച്ചിട്ടുണ്ട്.