KeralaNEWS

ഹരിതകര്‍മ സേനയുടെ യൂസര്‍ ഫീ നിയമപരമായ ബാധ്യത; വ്യാജ പ്രചാരണത്തിന് നിയമ നടപടിയെന്നു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍

തിരുവനന്തപുരം: വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് യൂസര്‍ ഫീ വേണ്ടെന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയയിലെ പ്രചാരണം വ്യാജമാണെന്ന് ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് യൂസര്‍ ഫീ വാങ്ങിക്കുന്ന കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ടെന്നും വ്യാജ പ്രചാരണങ്ങളില്‍ നിന്ന് ജനങ്ങള്‍ വിട്ടു നില്‍ക്കണം എന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന ഫീ നല്‍കാന്‍ വീട്ടുടമസ്ഥര്‍ ബാധ്യസ്ഥരാണെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.

ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ വിവരാവകാശരേഖയെ അടിസ്ഥാനമാക്കിയാണ് സമൂഹമാധ്യമങ്ങളില്‍ യൂസര്‍ ഫീ വേണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത്. എന്നാല്‍ ആ വിവരാവകാശരേഖയില്‍ യൂസര്‍ ഫീ നല്‍കേണ്ടതില്ല എന്ന് പറയുന്നില്ല. 50 രൂപയാണ് യൂസര്‍ ഫീയായി ഹരിതകര്‍മ സേന ഈടാക്കുന്നത്. ഇനി മുതല്‍ യൂസര്‍ ഫീ നല്‍കേണ്ട എന്ന രീതിയില്‍ ഒരു മാധ്യമവും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരണങ്ങള്‍ നടന്നത്. തുടർന്ന് ഹരിതകര്‍മ സേനയ്ക്ക് പണം വീട്ടുകാര്‍ നല്‍കാന്‍ മടിച്ചതോടെയാണ് അധികൃതര്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി മുന്നോട്ട് വന്നത്.

Signature-ad

ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അതേസമയം, ഹരിത- പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നല്‍കാത്തവര്‍ക്കെതിരെയും, യൂസര്‍ ഫീ നല്‍കാത്തവര്‍ക്കെതിരെയും അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെയും, കത്തിക്കുന്നവര്‍ക്കെതിരെയും 10000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ചുമത്താന്‍ ബൈലോയിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് അധികാരമുണ്ട്.

Back to top button
error: