IndiaNEWS

നോട്ടു നിരോധനത്തിലെ നിയമ പോരാട്ടത്തിന് ഇന്ന് തീർപ്പ്; കേന്ദ്രത്തിനെതിരായ ഹർജികളിൽ സുപ്രീം കോടതി വിധി പറയും

ന്യൂഡല്‍ഹി: നോട്ട് നിരോധനം സംബന്ധിച്ച് കേന്ദ്രസർക്കാരിനെതിരായ ഹർജികളിൽ സുപ്രീം കോടതി ഇന്നു വിധി പറയും. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച 2016ലെ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികളിലാണ് സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിക്കുക. ഹർജികളിൽ അന്തിമ വാദം പൂർത്തിയായി. ജസ്റ്റിസ് അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ നിർണായക വിധി പുറപ്പെടുവിക്കുക.

ജസ്റ്റിസുമാരായ ബിആര്‍ ഗവായി, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബിവി നാഗരത്‌ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഡിസംബര്‍ ഏഴിന് കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. നോട്ടു നിരോധനത്തെ ചോദ്യം ചെയ്ത് ഒട്ടേറെ ഹര്‍ജികളാണ് കോടതിയില്‍ വന്നത്. സീനിയര്‍ അഭിഭാഷകന്‍ പി. ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായിരുന്നു. നോട്ട് നിരോധനത്തിനെതിരേ രാജ്യത്തെ വിവിധ ഹൈക്കോടതികളിലുൾപ്പെടെ സമർപ്പിക്കപ്പെട്ട ഹർജികൾ ഒന്നിച്ചു പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു. ആയിരം, അഞ്ഞൂറ് നോട്ടുകൾ മുന്നൊരുക്കങ്ങളില്ലാതെ നിരോധിച്ച കേന്ദ്ര സർക്കാരിനെ വിമർശിച്ച് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

Back to top button
error: