KeralaNEWS

മെഡി. കോളജ് വാര്‍ഡില്‍ പൂച്ച കയറിനിരങ്ങുന്നു, ശൗചാലയങ്ങള്‍ ശോച്യാവസ്ഥയില്‍; കെടുകാര്യസ്ഥതയുടെ കളമശ്ശേരി മോഡല്‍

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജ് വിവാദത്തില്‍ ആശുപത്രി അധികൃതരുടെ കെടുകാര്യസ്ഥതയ്ക്ക് കൂടുതല്‍ തെളിവുകള്‍. ഗര്‍ഭിണികള്‍ ഉള്‍പ്പടെയുള്ള രോഗികള്‍ കിടക്കുന്ന വാര്‍ഡില്‍ പൂച്ച കയറിയിറങ്ങുന്ന അവസ്ഥയാണ്. ശൗചാലയങ്ങള്‍ പലതും തകര്‍ന്ന നിലയിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ശൗചാലയ വാതിലുകള്‍ ലോക്കിന് പകരം കയറിട്ട് കെട്ടിയിരിക്കുകയാണ്.

ആശുപത്രി മാലിന്യങ്ങളും അലക്ഷ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം ഫയര്‍ സേഫ്റ്റി എന്‍ഒസി ഇല്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫയര്‍ സേഫ്റ്റി വിഭാഗം ആശുപത്രി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കളമശേരി മെഡിക്കല്‍ കോളജിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് മൃതദേഹം ചുമന്നിറക്കേണ്ടി വന്നത് വലിയ വിവാദമായിരുന്നു.

Signature-ad

കാലടി സ്വദേശിയായ സുകുമാരന്‍ എന്നയാളുടെ മൃതദേഹമാണ് മുകളിലെ നിലയില്‍ നിന്ന് താഴേക്ക് ചുമന്നിറക്കിയത്. കളമശേരി മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് തകരാര്‍ സ്ഥിരം സംഭവമാണെന്നാണ് രോഗികളുടേയും ബന്ധുക്കളുടേയും പരാതി. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ വലയുകയാണ്. അത്യാഹിത വിഭാഗത്തിലെ പുതിയ ലിഫ്റ്റ് ഉടനെ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേശ് മോഹന്‍ അറിയിച്ചത്.

തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ നോക്കിയ സുകുമാരനെ 80 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലാണ് കളമശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. ഈ സമയത്തും ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായിരുന്നു. അത്യാഹിതവിഭാഗത്തിലേക്ക് മാറ്റേണ്ട രോഗികള്‍ ഉള്‍പ്പെടെയാണ് ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതോടെ വലയുന്നത്.

സുകുമാരന്റെ ഒപ്പം ആശുപത്രിയില്‍ എത്തിയവരും ജീവനക്കാരും ചേര്‍ന്നാണ് മൃതദേഹം താഴേക്കിറക്കിയത്. അത്യാഹിത വിഭാഗത്തില്‍ നിന്നും പൊള്ളലേറ്റവരെ പ്രവേശിപ്പിക്കുന്ന മൂന്നാമത്തെ നിലയിലേക്കും ഏറെ പ്രയാസപ്പെട്ടാണ് 80 ശതമാനത്തിലേറെ പൊള്ളലേറ്റ സുകുമാരനെ എത്തിച്ചത്. ചൊവ്വാഴ്ചയാണ് സുകുമാരന്‍ മരണപ്പെട്ടത്.

Back to top button
error: