Breaking NewsKeralaLead NewsLIFELife StyleMovieNEWSNewsthen SpecialSocial MediaTRENDING

‘വാവിട്ട വാക്കും കൈവിട്ട കമന്റും തിരിച്ചെടുക്കാനാവില്ല, ഓര്‍ക്കണം; ഒരാള്‍ തുനിഞ്ഞിറങ്ങിയാല്‍ മനോഹരമായ ജയില്‍ ജീവിതംകൂടി ലഭിക്കും, കരയാനല്ല പോരാടാനാണ് ഇഷ്ടം’; തുപ്പിയയാള്‍ക്ക് മുന്നറിയിപ്പുമായി നടി മീനാക്ഷി

കൊച്ചി: ഓണ്‍ലൈനില്‍ മറഞ്ഞിരുന്നു സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കു മുന്നറിയിപ്പുമായി നടി മീനാക്ഷി. തന്റെ ചിത്രത്തിനു താഴെ ‘ത്ഫൂ’ എന്നു കമന്റിട്ടതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് കുറിപ്പ്. ‘സൈബര്‍ ഇടങ്ങളില്‍ മലര്‍ന്നു കിടന്നു തുപ്പുന്നവര്‍ അറിയാന്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.

കുറിപ്പിന്റെ പൂര്‍ണരൂപം

‘മലര്‍ന്ന് കിടന്ന് തുപ്പുന്ന ഒരുവന്‍’ എന്നതുതന്നെ ക്യാപ്ഷന് ധാരാളം. എന്നാലും ‘സൈബര്‍ ഇടങ്ങളില്‍ മലര്‍ന്ന് കിടന്ന് തുപ്പുന്നവരറിയാന്‍’

Signature-ad

എന്റെ മേലും അത് തെറിക്കാനിടയായാല്‍ ചിലപ്പോള്‍ എന്റെ അറിവുകള്‍ എനിക്ക് പറയാനുള്ളത് മാത്രമല്ല മറിച്ച് പ്രവര്‍ത്തിക്കാനുള്ളതുകൂടിയാണ് എന്നെനിക്കറിയാമായിരുന്നുവെന്നതു കൂടി പ്രായം കൂടിയാലും അതിനൊപ്പം വ്യക്തിത്വ വികാസം ഉണ്ടായിട്ടില്ലാത്ത ‘തുപ്പരും, തെറിയരും, അശ്ലീലക്കാരും’ ഒക്കെ അറിയേണ്ടതായി വരും. പിന്നെ നിങ്ങളെപ്പോലുള്ളവര്‍ക്കൊരു സന്തോഷം ജയിലുകളില്‍ ശമ്പളം കൂട്ടിയിരിക്കുന്നു എന്നതു മാത്രമാവും.. കണ്ടാല്‍ യോഗ്യനെന്നു തോന്നുന്ന ഇയാളേപ്പോലെയുള്ളവര്‍ നേര്‍ക്കുനേര്‍ വരേണ്ടി വരുന്ന പൊതുവിടങ്ങളില്‍ വളരെ മാന്യനും സംസ്‌കാര സമ്പന്നനും, ബഹുമാനമര്‍ഹിക്കുന്നവരുമൊക്കെയായി ആവും ഇവരുടെ പെരുമാറ്റം.

അങ്ങനെയൊക്കെയുള്ള ഇമേജും ഇവര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ടാവും. പക്ഷെ കെട്ടിപ്പൂട്ടിയ പ്രൊഫൈലുകളില്‍ മറഞ്ഞിരുന്ന് സൈബര്‍ ഇടങ്ങളില്‍ എന്തുമാവാം തങ്ങള്‍ അവിടെ സുരക്ഷിതരാണ് എന്നു കരുതുന്ന ഇവരുടെ വ്യക്തിത്വം തന്നെ ഏറെ മോശമായതും എന്നാല്‍ നേര്‍ക്കുനേര്‍ ഇടങ്ങളില്‍ ഇവര്‍ പോളീഷ്ഡ് ആയി സ്വയം മാറുന്നവരും തന്നെയെന്നതും ഉറപ്പ് പക്ഷെ ഇവരെപ്പോലുള്ളവര്‍ അറിയേണ്ട ഒന്നു കൂടിയുണ്ട് സൈബര്‍ നിയമങ്ങള്‍ ശക്തമായിക്കഴിഞ്ഞു വേണ്ട വിധം ഒരാള്‍ അതിനു വേണ്ടി തുനിഞ്ഞിറങ്ങിയാല്‍ കൃത്യമായും ജീവിതത്തില്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു ജയില്‍ ഏടുകൂടിയുണ്ടാവും എന്നതും മറക്കാതിരിക്കുക

മുന്‍പ് സൈബര്‍ കേസുകളുമായി ബന്ധപ്പെട്ട് പലപ്പോഴും കോടതികളില്‍ മൊഴി കൊടുക്കേണ്ടതായി വന്നിട്ടുമുണ്ട്. കൊടുത്തിട്ടുണ്ടായിരുന്ന കേസുകള്‍ പിടിക്കപ്പെടുകയും കൃത്യമായ ശിക്ഷാ നടപടികള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും ഈ പ്രതികളുടെ ബന്ധുക്കള്‍ അനുഭവിക്കേണ്ടതായി വരുന്ന ബുദ്ധിമുട്ടികളാണ് എനിക്ക് ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളതും. പലപ്പോഴും മാന്യരെന്ന് കരുതുന്നവര്‍ പിടിക്കപ്പെടുമ്പോഴാണ് യഥാര്‍ത്ഥ മുഖം വെളിവാകുന്നത് അത് പക്ഷെ ബന്ധുമിത്രാദികള്‍ക്കതത്ര സുഖകരമാവില്ല താനും. പലപ്പോഴും പോലീസ് പറഞ്ഞിട്ടുള്ള ഒരു കാര്യം പലരും പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ സൈബര്‍ കേസ് നല്കാറുണ്ടെങ്കിലും കേസ് അന്വേഷിച്ച് പിടിച്ച് വരുമ്പോള്‍ പലപ്പോഴും കേസ് കൊടുത്തവര്‍ തന്നെ മറ്റുള്ളവര്‍ എന്തു കരുതും എന്നൊക്കെ ഭയന്ന് കേസ് പിന്‍വലിച്ച് പോവാറാണ് പതിവ്. സൈബര്‍ ക്രിമിനലുകളുടെ ധൈര്യവും ഇതൊക്കെ തന്നെ.

പക്ഷെ എനിക്ക് ഇരയായി നിന്ന് കരയാനല്ല. മറിച്ച്, നിവര്‍ന്ന് നിന്ന് ആത്മാഭിമാനത്തോടെ. പോരാടാനാണിഷ്ടം. അങ്ങനെയാണ് പഠിച്ചിട്ടുള്ളതും. പിന്നീടൊരവസരത്തില്‍ രസകരമായ എനിക്കുണ്ടായ ഒരു സൈബര്‍ കേസിനെക്കുറിച്ചുമെഴുതാം.. ഈയവസരത്തില്‍ നല്ലൊരു ഡിജിറ്റല്‍ പേര്‍സണ്‍ ആയിരിക്കുന്നതെങ്ങിനെയെന്നു കൂടി ചിന്തിക്കേണ്ടതുണ്ട്. വാവിട്ട വാക്കും കൈവിട്ട കമന്റും തിരിച്ചെടുക്കാനാവില്ല. ഓര്‍ക്കണം. കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്‌ഫോണുകള്‍ മുതലായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വഴി നടത്തുന്ന ഉപദ്രവമോ, ഭീഷണിപ്പെടുത്തലോ നിര്‍വചിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദമാണ് സൈബര്‍ ബുള്ളിയിങ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ വിദ്വേഷകരമായ അഭിപ്രായങ്ങളിലൂടെയോ അല്ലെങ്കില്‍ സന്ദേശമയക്കലിലൂടെയോ അപമാനം ഉണ്ടാക്കുന്നതുപോലുള്ള വിവിധതരം കുറ്റകൃത്യങ്ങള്‍ സൈബര്‍ ബുള്ളിയിങ്ങില്‍ ഉള്‍പ്പെടുന്നു. സൈബര്‍ ഇടങ്ങളിലെ അതിക്രമങ്ങള്‍ മുറിവേല്‍പ്പിക്കുന്നത് മനസുകളെയാണ്.

കുട്ടികളും സ്ത്രീകളുമാണ് സൈബര്‍ ബുള്ളിയിങ്ങിന്റെ ഇരകളിലധികവും. ഓണ്‍ലൈന്‍ ഉപയോഗത്തെക്കുറിച്ചും അതിലെ കെണികളെ കുറിച്ചും കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക, എന്തു പ്രശ്‌നവും രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുക, പേരന്റല്‍ കണ്‍ട്രോള്‍ സംവിധാനങ്ങളിലൂടെ ഓണ്‍ലൈന്‍ ഉപയോഗം നിയന്ത്രിക്കുക, നിശ്ചിത സമയം നിജപ്പെടുത്തുക എന്നിവയിലൂടെ കുട്ടികളെ നിയന്ത്രിക്കാനാകും.

സൈബര്‍ ബുള്ളിയിങ്ങ് പോലെയുള്ള പെരുമാറ്റ വൈകല്യങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഒഴിവാക്കാനുള്ള പദ്ധതികളും അറിവും അധ്യാപകരും മാതാപിതാക്കളും ആവിഷ്‌കരിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ ലോകത്തെ കുറിച്ചുള്ള ശരിയായ അറിവ് മക്കള്‍ക്കുണ്ടാക്കിക്കൊടുക്കുക എന്നത് വളരെ പ്രധാനമാണ്. സോഷ്യല്‍ മീഡിയകളിലെ തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വതയും നിശ്ചയദാര്‍ഢ്യത്തോടെ പ്രശ്നങ്ങളെ നേരിടാനുള്ള ആര്‍ജവവും ചതിക്കുഴികളെ കുറിച്ചുള്ള അവബോധവും കുട്ടികള്‍ക്കു പകര്‍ന്നു നല്‌കേണ്ടതുണ്ട്.. മാതാപിതാക്കളും അധ്യാപകരും ഇതിനവരെ പ്രാപ്തരാക്കണം.

ഇന്റര്‍നെറ്റും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളും ഫലപ്രദമായി ഉപയോഗിക്കുകയും അത് സമൂഹത്തിനുവേണ്ടി നല്ല രീതിയില്‍ വിനിയോഗിക്കുകയും ചെയ്യുന്ന വ്യക്തിയാണ് നല്ലൊരു ഡിജിറ്റല്‍ സിറ്റിസണെന്ന് കുട്ടികളെ പഠിപ്പിക്കുക. പ്രായമായവരും. ഈ വിഷയം പ്രാധാന്യത്തോടെ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

 

#DailyhuntMalayalam, #Meenakshi, #CyberBullying, #SocialMediaAttack, #CyberLaw, #WomenSafety, #AgainstCyberCrime, #KeralaPolice, #MalayalamCinema, #ViralPost, #CyberAwareness, #ActressMeenakshi, #സൈബർആക്രമണം, #മീനാക്ഷി, #കേരളം, #വാർത്തകൾ, #നടി, #സൈബർനിയമം

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: