”പള്ളിയുടെ പാരിഷ് ഹാളില്‍ മാംസം വിളമ്പാന്‍ പോലും അനുവാദം നല്‍കാത്ത ഈ നോമ്പുകാലത്ത്..” ക്രിസ്മസ് വിരുന്നുകള്‍ക്ക് വിമര്‍ശനം
കൊച്ചി: നോമ്പുകാലത്ത് ആഡംബര ഹോട്ടലില്‍ മുഖ്യമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ ക്രിസ്ത്യന്‍ സഭാ തലവന്മാര് പങ്കെടുത്ത നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് സിറോ മലബാര്‍ സഭ മുന്‍ വക്താവും അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്ക റെക്ടറുമായ ഫാ. ജിമ്മി പൂച്ചക്കാട്ട്. ”ഡിസംബര്‍ 24 വരെ ഒരുക്കത്തിന്റെ കാലമാണെന്നും ആഘോഷത്തിന്റെ കാലഘട്ടം ഡിസംബര്‍ 25 മുതല്‍ ജനുവരി ആറു വരെയാണെന്നും ഉറപ്പിച്ചു പറയാനുള്ള ആര്‍ജ്ജവം നമുക്കുണ്ടാകട്ടെ. ആര്/ എന്ത് കഴിച്ചു…. കഴിച്ചില്ല എന്നുള്ളതല്ല, പള്ളിയുടെ പാരിഷ് ഹാളില്‍ മാംസം വിളമ്പാന്‍ പോലും അനുവാദം നല്‍കാത്ത ഈ നോമ്പുകാലത്ത്, ഏതു വലിയവന്‍ വിളിച്ചാലും, വണ്ടിക്കൂലിയും മുടക്കി ചെന്ന് അവര്‍ കാട്ടുന്ന ഏതു കൂത്തിനും കൂട്ടുനില്‍ക്കാതിരിക്കാനുള്ള നട്ടെല്ലുബലം എല്ലാവര്ക്കും ഉണ്ടാകട്ടെ!”- ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.
ക്രിസ്മസ് കമ്പോളവത്സരിക്കുമ്പോള്‍.. എന്ന തലക്കെട്ടോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
കുറിപ്പിന്റെ പൂര്‍ണരൂപം
ക്രിസ്മസ് കമ്പോളവല്‍ക്കരിക്കപ്പെടുമ്പോള്‍…
കത്തോലിക്കാ സഭ പൊതുവേയും, കേരളത്തിന്റെ പശ്ചാത്തലത്തില്‍ വളരെ പ്രത്യേകമായും, ഈശോയുടെ പിറവി തിരുനാളിന് ഒരുക്കമായ നോമ്പുകാലം ആചരിക്കുന്നത് കമ്പോള വല്‍ക്കരിക്കപ്പെടുകയാണ്.
ഡിസംബര്‍ ഒന്നാം തീയതി മുതല്‍ തന്നെ നക്ഷത്ര വിളക്കുകളും അലങ്കാരങ്ങളും ഉണ്ടാകണമെന്നും മറ്റുമുള്ള ചില ചിന്തകള്‍ അവര്‍ നമ്മിലേക്ക് കടത്തിവിടുന്നു. ക്രിസ്മസ് ആഘോഷത്തിന്റെ വിരുന്നുകള്‍ നോമ്പുകാലത്ത് വിളിച്ചുകൂട്ടുന്ന ചില പുതിയ പതിവുകള്‍ വീണ്ടും രംഗപ്രവേശം ചെയ്യുന്നു.
ഡിസംബര്‍ 24 വരെ ഒരുക്കത്തിന്റെ കാലമാണെന്നും ആഘോഷത്തിന്റെ കാലഘട്ടം ഡിസംബര്‍ 25 മുതല്‍ ജനുവരി ആറു വരെയാണെന്നും ഉറപ്പിച്ചു പറയാനുള്ള ആര്‍ജ്ജവം നമുക്കുണ്ടാകട്ടെ.
ആര്/ എന്ത് കഴിച്ചു…. കഴിച്ചില്ല എന്നുള്ളതല്ല, പള്ളിയുടെ പാരിഷ് ഹാളില്‍ മാംസം വിളമ്പാന്‍ പോലും അനുവാദം നല്‍കാത്ത ഈ നോമ്പുകാലത്ത്, ഏതു വലിയവന്‍ വിളിച്ചാലും, വണ്ടിക്കൂലിയും മുടക്കി ചെന്ന് അവര്‍ കാട്ടുന്ന ഏതു കൂത്തിനും കൂട്ടുനില്‍ക്കാതിരിക്കാനുള്ള നട്ടെല്ലുബലം എല്ലാവര്ക്കും ഉണ്ടാകട്ടെ
ഫാദര്‍ ജിമ്മി പൂച്ചക്കാട്ട്.