KeralaNEWS

രാത്രിയാത്രാ ദുരിതമേറും; കോഴിക്കോട്-മൈസൂർ യാത്രാനിരോധനസമയം 12 മണിക്കൂറാക്കാൻ കർണാടക

കോഴിക്കോട്: മൈസൂർ ദേശീയപാതയിൽ യാത്രാ നിരോധന സമയം ദീർഘിപ്പിക്കാൻ കർണാടക വനം വകുപ്പിന്റെ നീക്കം. കഴിഞ്ഞ ദിവസം ഈ പാതയിൽ ചരക്കുലോറി ഇടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് കർണാടക വനം വകുപ്പ് അധികൃതർ ഈ ആവശ്യം ഉന്നയിക്കാൻ നീക്കം തുടങ്ങിയത്. നിലവിൽ രാത്രി ഒമ്പത് മണി മുതൽ പുലർച്ചെ ആറ് മണിവരെയുള്ള നിരോധനം വൈകിട്ട് ആറുമണി മുതൽ പുലർച്ചെ ആറു മണി വരെ ആക്കണമെന്നാണ് ആവശ്യം.

കേരള കർണാടക അതിർത്തിയിൽ മൂലഹള്ളയ്ക്കും മധൂർ ചെക്ക്പോസ്റ്റിനും ഇടയിലാണ് കഴിഞ്ഞ ദിവസം കാട്ടാന ചരക്കുലോറി ഇടിച്ച് ചരിഞ്ഞത്. രാത്രി 9 മണിക്ക് ഗേറ്റ് അടയ്ക്കുന്നതിനു മുമ്പ് വനാതിർത്തി പിന്നിടാൻ അമിതവേഗതയിൽ എത്തിയ തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് ലോറി ഇടിച്ചായിരുന്നു അപകടം.

Signature-ad

രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന ഈ മേഖലയിൽ കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടെ വാഹനം ഇടിച്ച് ചരിയുന്ന രണ്ടാമത്തെ ആനയാണിത്. മാൻ ഉൾപ്പെടെ മറ്റു നിരവധി മൃഗങ്ങൾക്ക് ഇതേ കാലയളവിൽ വാഹനങ്ങൾ ഇടിച്ച് ജീവൻ നഷ്ടപ്പെട്ടതായും കർണാടക വനം വകുപ്പ് പറയുന്നു. നിലവിലുള്ള നിരോധനം വന്യജീവികളുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായതല്ലെന്നതിന് തെളിവാണ് ഈ സംഭവം എന്നും അതിനാൽ നിരോധന സമയം ദീർഘിപ്പിക്കണം എന്നുമാണ് കർണാടക വനം വകുപ്പിന്റെ വാദം.

2009 ലാണ് കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിലെ ബന്ദിപ്പൂർ വനമേഖലയിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയത്. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിന്റെ ശുപാർശയെ തുടർന്ന് ചാമരാജനഗർ ജില്ലാ കലക്ടർ ആയിരുന്നു രാത്രിയാത്ര നിരോധിച്ച് ഉത്തരവിറക്കിയത്. ഇതിനെതിരെ കേരളത്തിൽ വലിയ പ്രതിഷേധം ഉയരുകയും നിരോധനത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ ഉൾപ്പെടെ സമീപിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.

നിലവിൽ ബാവലി വഴിയുള്ള മൈസൂർ മാനന്തവാടി പാതയിൽ 12 മണിക്കൂർ രാത്രിയാത്രാ നിരോധനമാണുള്ളത്.ഇതേ മാതൃകയിൽ നിരോധനം നടപ്പാക്കിയാൽ മാത്രമേ വന്യമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയൂ എന്നാണ് കർണാടക വനം വകുപ്പിന്റെ നിലപാട്.

Back to top button
error: