CrimeNEWS

കോഴിക്കോട് പത്തുലക്ഷത്തിന്റെ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: പത്തുലക്ഷം രൂപയുടെ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ചക്കുംകടവ് സ്വദേശി ചെന്നലേരിപറമ്പ് സലീം എന്ന വെംബ്ലി സലീം (42), മീഞ്ചന്ത ചെമ്മലശ്ശേരിവയല്‍ നൗഫല്‍ (44) എന്നിവരെയാണ് കണ്ണംപറമ്പുവെച്ച് പിടികൂടിയത്. പന്ത്രണ്ട് കിലോഗ്രാം കഞ്ചാവ് ഇവരില്‍നിന്ന് പിടിച്ചെടുത്തു.

കോഴിക്കോട് ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ്) ചെമ്മങ്ങാട് പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നടത്തിയ പ്രത്യേക ലഹരിവിരുദ്ധ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.

Signature-ad

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡന്‍സാഫ് സ്‌ക്വാഡ് വളരെ കാലമായി പ്രതികളെ നിരീക്ഷിച്ചുവരുകയായിരുന്നു. ഇതിനിടെ ഇവര്‍ ആന്ധ്രയില്‍നിന്ന് വന്‍തോതില്‍ കഞ്ചാവ് കോഴിക്കോട്ടേക്ക് എത്തിക്കുന്നതായി വിവരം ലഭിച്ചു. എന്നാല്‍, പോലീസിനെ കബളിപ്പിക്കാന്‍ ഫോണുമായി ട്രെയിനുകള്‍ മാറിക്കയറിയും ഫോണ്‍ ഓഫ് ചെയ്തും അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചെങ്കിലും കണ്ണംപറമ്പുവെച്ച് പോലീസ് പിടിയിലാവുകയായിരുന്നു. നൗഫല്‍ പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.

പ്രതിയായ സലീം കണ്ണമ്പള്ളി മുഖദ്ദാര്‍, ചക്കുംകടവ്, കോതി തുടങ്ങിയ തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ച് ചില്ലറയായി കഞ്ചാവ് വില്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ആന്ധ്രയില്‍നിന്ന് കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് പൂഴിയില്‍ കുഴിച്ചിട്ടോ പൊന്തക്കാടുകളില്‍ ഒളിപ്പിച്ചോ ആയിരുന്നു സൂക്ഷിച്ചിരുന്നത്. പോലീസിനെ കാണുമ്പോള്‍ പുഴയില്‍ ചാടി രക്ഷപ്പെടുകയോ ഊടുവഴികളിലൂടെ കടന്നുകളയുകയോ ആയിരുന്നു പതിവ്.

പിടിയിലായ സലീമിനെതിരേ വിവിധ സ്റ്റേഷനുകളില്‍ ബ്രൗണ്‍ഷുഗര്‍, കഞ്ചാവ് മുതലായ വിവിധ നിരോധിത ലഹരി ഉത്പന്നങ്ങള്‍ കടത്തിയതിന് മൂന്ന് കേസുകളും മാല പിടിച്ചുപറി, മോഷണം, അടിപിടി തുടങ്ങി എട്ടോളം കേസുകളുമുണ്ട്.

 

 

 

 

 

Back to top button
error: