CrimeNEWS

മാതാപിതാക്കളെക്കാണാന്‍ പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയിലായി

ഇടുക്കി: വെട്ടിച്ചുകടന്ന കൊലക്കേസ് പ്രതിയെ പൊന്‍മുടിക്ക് സമീപത്തുനിന്ന് പോലീസ് പിടികൂടി. രാജാക്കാട് പൊന്മുടി കലുങ്കുസിറ്റി സ്വദേശി കളപ്പുരയ്ക്കല്‍ ജോമോനെയാണ് മൂന്നാര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. പൊന്മുടി വനമേഖലയിലേക്കുകടന്ന ഇയാള്‍ കുളത്രക്കുഴിവഴി രക്ഷപ്പെടുന്നതിനിടയിലാണ് പിടിയിലായത്.

കൊലപാതകക്കേസില്‍ ശിക്ഷയനുഭവിക്കുന്ന ഇയാള്‍ക്ക് മാതാപിതാക്കളെ കാണാന്‍ ഒരുദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. ഇതിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കാവലില്‍ തിങ്കളാഴ്ച ഉച്ചയോടെ കലുങ്കുസിറ്റിയിലെ വീട്ടിലെത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്. പൊന്മുടി വനമേഖലയിലേക്കുകടന്ന ജോമോനുവേണ്ടി പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ജില്ലാ പോലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ നിര്‍ദേശ പ്രകാരം മൂന്നാര്‍ ഡിവൈ.എസ്.പി. രൂപവത്കരിച്ച അന്വേഷണ സംഘം തിരച്ചില്‍ തുടരുന്നതിനിടയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാള്‍ വലയിലായത്. കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കുറ്റംചുമത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കും. 2015-ല്‍ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകക്കേസിലെ പ്രതിയാണ് ജോമോന്‍.

പരോള്‍ അനുവദിക്കരുതെന്ന് രാജാക്കാട് പോലീസ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇയാള്‍ കോടതിയെ സമീപിക്കുകയും തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ മാതാപിതാക്കളെ കാണാന്‍ ഇയാള്‍ക്ക് ഒരുദിവസത്തെ പരോള്‍ അനുവദിക്കുകയുമായിരുന്നു.

അതിനിടെ, തിങ്കളാഴ്ച രാത്രിവൈകി ജോമോനെ പിടികൂടാന്‍ പോലീസ് പരക്കംപായുന്നതിനിടയില്‍ ഇയാള്‍ സ്വന്തം വീടിനുസമീപമെത്തി. അയല്‍വാസിയായ യുവാവ് ഇയാളെ കാണുകയും കൈലി ഉപയോഗിച്ച് തലവഴി മൂടി പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തു. കുതറി ഓടിയ ഇയാള്‍ വീണ്ടും പൊന്‍മുടി വനമേഖലയിലേക്ക് കടക്കുകയായിരുന്നു.

സ്ഥിരം മദ്യപാനിയായ ഇയാള്‍ മാതാപിതാക്കളെ ഉപദ്രവിക്കുക പതിവായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു. ചെറുപ്പംമുതല്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് രാജാക്കാട് ടൗണിലെ കെട്ടിടത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

 

 

 

 

 

Back to top button
error: