KeralaNEWS

ലോകകപ്പ് ആവേശമുയർത്തി ഏഷ്യാനെറ്റ് ന്യൂസ്

 

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വീണ്ടും ഒരു ഫുട്ബോൾ കാലം കൂടി കടന്നു വന്നു. നാല് വർഷത്തിൽ ഒരിക്കൽ ഈ ഭൂഗോളം മറ്റൊരു ചെറു ഗോളത്തിലേക്ക് ചുരുങ്ങുന്ന സമയം. വർണ ഭാഷാ വൈവിധ്യങ്ങളെല്ലാം മറന്ന് ഫുട്ബോളിനെ സ്നേഹിക്കുകയാണ് ലോകം. ഖത്തറിൽ ലോകകപ്പിന് തുടക്കമായതോടെ നാടും നഗരവും ഫുട്ബോൾ ആവേശത്തിലാണ്. സ്വന്തം ടീമിനെ പുകഴ്ത്തിയും കൂറ്റൻ കട്ടൗട്ടുകൾ വച്ചും എതിർ ടീമിന് ഊറ്റം പറഞ്ഞും മലയാളികളും സ്വന്തം വീട്ടിലെ ഉത്സവം പോലെ ഫുട്‍ബോൾ ലോകകപ്പിനെ ഏറ്റെടുത്തുകഴിഞ്ഞു. മലയാളക്കരയ്ക്ക് അടുത്തുകിടക്കുന്ന ഖത്തറിൽ ലോകകപ്പ് എത്തിയതിന്‍റെ ആവേശം ചെറുതൊന്നുമല്ല ഇവിടെ ഉണ്ടാക്കിയിട്ടുള്ളത്.

ഇതുവരെ ടെലിവിഷൻ സ്‌ക്രീനിൽ മാത്രം ആസ്വദിച്ചിരുന്ന മെസ്സി,റൊണാൾഡോ, നെയ്മർ എന്നീ ഇതിഹാസങ്ങളുടെ കാൽപന്ത് കളിയിലെ വശ്യത നേരിട്ടുകാണാനുള്ള സുവർണ്ണാവസരംകൂടിയാണിത്.
അതുകൊണ്ടുകൂടിയാവണം അവസരം പാഴാക്കാതെ പലരും നേരത്തേ ടിക്കറ്റ് എടുത്ത് ഖത്തറിലെത്തിയത്. പക്ഷേ, ഖത്തറിൽ എത്താൻ കഴിയാത്തവരുടെ ലോകകപ്പ് ആവേശം ഒട്ടും കുറഞ്ഞിട്ടില്ല. മാധ്യമങ്ങളിലൂടെ അത് അവർ അനുഭവിക്കുകയാണ്. വ്യക്തമായി പറഞ്ഞാൽ മണിക്കൂറുകൾ അകലെയുള്ള ഖത്തറിനെയും ലോക കാൽപന്ത് മാമാങ്കത്തെയും ഏഷ്യാനെറ്റ് ന്യൂസ് മലയാളി പ്രേക്ഷകരുടെ കൈവെള്ളയിലെത്തിച്ചിരിക്കുന്നു.

ലോകകപ്പ് തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപേ, ഏഷ്യാനെറ്റ് ന്യൂസ് സംഘം ഖത്തറിലെത്തി. ഖത്തറിലെ ഓരോ ഫുട്ബോൾ വിശേഷങ്ങൾ ഇടവിടാതെ ന്യൂസ് സംഘം പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്. പി.ജി സുരേഷ് കുമാറും, സ്പോർട്സ് എഡിറ്റർ ജോബി ജോർജും ഉൾപ്പെട്ട സംഘമാണ് ആദ്യം ഖത്തറിലെത്തിയത്. ലോകകപ്പ് തുടങ്ങിയ ദിനം രണ്ടര മണിക്കൂർ നമസ്തെ കേരളം ഖത്തറിൽ വച്ച് നടത്തി, പ്രേക്ഷകരെ ഖത്തറിന്‍റെ മുക്കും മൂലയും പരിചയപ്പെടുത്തി. തുടർന്നുള്ള ദിനങ്ങളിൽ ഖത്തറിലെ മലയാളികളുടെ ആവേശവും കളിക്കാരുടെ വിശേഷങ്ങളുമെല്ലാം ഏഷ്യാനെറ്റ് ന്യൂസ് വാർത്തകളിൽ നിറഞ്ഞുനിന്നു.

ലോകകപ്പ് ഫുട്ബോളിന് മലയാളികൾ കൊടുക്കുന്ന പ്രാധാന്യം എത്രയാണോ, മലയാളികളുടെ മനസ്സറിഞ്ഞ് അത്രത്തോളംതന്നെ ഏഷ്യാനെറ്റ് ന്യൂസും പ്രത്യേക വാർത്താബുള്ളറ്റിനുകളുമായെത്തി. ഖത്തർ കിക്ക് എന്ന ലോകകപ്പ് വാർത്താ ബുള്ളെറ്റിൻ ഇതിനോടകം പ്രേക്ഷക സ്വീകാര്യതയിൽ മുന്നിലാണ്. കൂടാതെ കാസർകോഡ് മുതൽ യാത്ര തുടങ്ങിയ സോക്കർ സഫാരി എന്ന പ്രോഗ്രാമിന് ആവേശത്തോടെ ഫുട്ബോൾ പ്രേമികൾ ഏറ്റെടുത്തത് . ലോകകപ്പ് ഫുട്ബോളിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയ സോക്കർ സൊറ കളിയും കളിക്കാരെയും കൃത്യതയോടെ പരിചയപ്പെടുത്തുന്ന കളി പറച്ചിൽ സാധാരണക്കാരായ പ്രേക്ഷകർക്കുവരെ പുത്തൻ അറിവ് പകരുന്നു. വൈകി അവസാനിക്കുന്ന മാച്ചുകളുടെ വിശകലനവും ഏഷ്യാനെറ്റ് ന്യൂസിൽ റെഡിയാണ്. രാത്രി വൈകിയും അവർ പ്രേക്ഷകരെ അറിയിച്ച് കൊണ്ടിരിക്കുകയാണ്. ഖത്തറിൽ ലോക കിരീടത്തിൽ ആ ഒരു ടീം മുത്തമിടുന്നത് വരെ ഈ യാത്ര തുടരും. മൈതാനത്തിനുപരി ഖത്തർ നിങ്ങളുടെ സ്വന്തം വീടിനുള്ളിൽ കൊണ്ടെത്തിക്കും.

Back to top button
error: