കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് അപ്രഖ്യാപിത വിലക്ക് നേരിടുന്ന ശശി തരൂര്‍ എം.പിക്ക് ശക്തമായ പിന്തുണയുമായി കെ. മുരളീധരന്‍ എം.പി. തരൂരിന്റെ മലബാര്‍ സന്ദര്‍ശനം പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തരൂരിനെതിരായ അപ്രഖ്യാപിത വിലക്കിനെതിരെ നിശിതമായി വിമര്‍ശനവും മുരളീധരന്‍ ഉന്നയിച്ചു.
”ശശി തരൂരിനെ വിലക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സംസ്ഥാന നേതൃത്വത്തിലെ മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവെച്ച ചിലര്‍ക്ക് ഇതില്‍ പങ്കുണ്ട്. ഇത് സംഭവിക്കന്‍ പാടില്ലാത്തതാണ്. അന്വേഷണം നടത്തേണ്ടത് അറിയാത്ത കാര്യം കണ്ടെത്താനാണ്. ഇവിടെ നടന്നത് എല്ലാവര്‍ക്കും അറിയാം. ഡി.സി.സി. പ്രസിഡന്റ് എല്ലാം എന്നെ ധരിപ്പിച്ചു. പരിപാടി മാറ്റിയതില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെ കുറ്റപ്പെടുത്തില്ല. ഇതിന്റെ കാരണം അറിയാം, പാര്‍ട്ടി കാര്യമായതിനാല്‍ പുറത്ത് പറയില്ല” – മുരളീധരന്‍ പറഞ്ഞു.
ഷാഫിക്ക് സംഭവവുമായി ബന്ധമില്ലെന്നും നേതാക്കള്‍ക്ക് വിവരം അറിയാമെന്നും മുരളീധരന്‍ പറഞ്ഞു. അതിനാലാണ് അന്വേഷണം വേണമെന്ന അഭിപ്രായമില്ലാത്തത്. തരൂരിനെ വിലക്കേണ്ടതില്ല, വിലക്കിയതിനാല്‍ വലിയ വാര്‍ത്ത പ്രാധാന്യം കിട്ടി. ഇത് കോണ്‍ഗ്രസിന് നല്ലതല്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.
അതേസമയം, പാര്‍ട്ടിയിലെ അപ്രഖ്യാപിത വിലക്കിനിടയിലും ശശി തരൂര്‍ എംപിയുടെ മലബാര്‍ പര്യടനം തുടരുകയാണ്. മാഹിയില്‍ ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്.