CrimeNEWS

പൈനാപ്പിളിനുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമം; വിമാനത്താവളത്തില്‍ യാത്രക്കാരൻ പിടിയില്‍

ദുബൈ: പൈനാപ്പിളിനുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍. ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ പിടിയിലായത്. ദുബൈ കസ്റ്റംസ് അധികൃതര്‍ക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

പൈനാപ്പിള്‍ കൊണ്ടുവന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ഇതിലെന്തെങ്കിലും നിരോധിത വസ്തുക്കളുണ്ടോ എന്ന് അവര്‍ യാത്രക്കാരനോട് ചോദിച്ചു. ഇല്ലെന്ന് അയാള്‍ മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പെട്ടി സ്‌കാന്‍ ചെയ്തു. അപ്പോള്‍ പൈനാപ്പിളിനകത്ത് കറുത്ത നിറത്തിലെ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി. 399 റോള്‍ കഞ്ചാവാണ് ഇതില്‍ നിന്ന് കണ്ടെത്തിയത്. പിടികൂടിയ കഞ്ചാവിന് ആകെ 417.30 ഗ്രാം ഭാരമുണ്ട്. കഞ്ചാവ് കണ്ടെത്തിയതോടെ യാത്രക്കാരനെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇയാളെ ദുബൈ പൊലീസിലെ ലഹരി വിരുദ്ധ വിഭാഗത്തിന് കൈമാറി.

Signature-ad

സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്തിനിടെ പിടിയിലായ വിദേശിയുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ലഹരി ഗുളികകളുടെ വലിയ ശേഖരവുമായി സിറിയന്‍ പൗരന്‍ അബ്‍ദുല്ല ശാകിര്‍ അല്‍ഹാജ് ഖലഫ് എന്നയാളാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാളുടെ വിചാരണ പൂര്‍ത്തിയാക്കിയ കോടതി, വധശിക്ഷ വിധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്. ലഹരിക്കടത്തിന് കടുത്ത ശിക്ഷയാണ് ലഭിക്കുന്ന സൗദി അറേബ്യയിലെ നിയമപ്രകാരം കുറ്റവാളികള്‍ക്ക് ലഭിക്കുക.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും സൗദിയില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ പ്രതികളായ രണ്ട് വിദേശികളുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. രണ്ട് പാകിസ്ഥാനികളുടെ വധശിക്ഷ നടപ്പാക്കിയതായാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. മുഹമ്മദ് ഇര്‍ഫാന്‍ ഗുലാം അലി, ലിയാഖത്ത് അലി മുഹമ്മദ് അലി എന്നിവരുടെ വധശിക്ഷയാണ് റിയാദില്‍ നടപ്പാക്കിയത്. ഹെറോയിന്‍ കടത്തുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്.

Back to top button
error: