CrimeNEWS

കോവിഡ് കാലത്ത് രക്ഷകരായി എത്തി, അഭിഭാഷകന്‍ ചമഞ്ഞ് ദമ്പതികളില്‍നിന്ന് 70 ലക്ഷം തട്ടി

തിരുവനന്തപുരം: അഭിഭാഷകന്‍ ചമഞ്ഞ് പ്രവാസി ദമ്പതികളില്‍ നിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതികള്‍ പിടിയില്‍. നെല്ലനാട് പരമേശ്വരം സ്വദേശി ശങ്കര്‍ദാസ്, ഇയാളുടെ കൂട്ടാളി കൈതമുക്ക് പാല്‍ക്കുളങ്ങര സ്വദേശിനി അരുണ പാര്‍വതി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. കോവിഡ് കാലത്ത് രക്ഷകരായി അടുത്തുകൂടിയ ഇവര്‍ ആനത്തലവട്ടം സ്വദേശിയായ യുവതിയെയും ഭര്‍ത്താവിനേയും തട്ടിപ്പിന് ഇരയാക്കുകയായിരുന്നു.

ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്ന പരാതിക്കാരി കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ഇവര്‍ ആ സമയത്ത് എട്ടു മാസം ഗര്‍ഭിണിയായിരുന്നു. യുവതി ക്വാറന്റ്റീന്‍ ലംഘിച്ചെന്നാരോപിച്ച് അയല്‍ക്കാരും നാട്ടുകാരും ചിറയിന്‍കീഴ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഇതുസംബന്ധിച്ച് ഫെയ്സ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഇതു കണ്ട് കേസ് വാദിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ അടുത്തുകൂടുന്നത്.

Signature-ad

പിന്നീട് കേസ് കോടതിയില്‍ പരാജയപ്പെട്ടതിനാല്‍ ഹൈക്കോടതിയില്‍ കേസ് നടത്തണമെന്നു പറഞ്ഞ് പണം കൈപ്പറ്റി. കൂടാതെ വിസ തട്ടിപ്പ് കേസില്‍ ഭര്‍ത്താവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വ്യാജ കോടതിരേഖ കാണിച്ച ശേഷം ഈ കേസ് വാദിക്കുന്നതിനും പണം കൈപ്പറ്റി. 2020 ഓഗസ്റ്റ് മുതല്‍ 2022 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലായി പലപ്പോഴായി 70 ലക്ഷത്തോളം രൂപ കൈക്കലാക്കുകയായിരുന്നു.

വസ്തുവകകള്‍ വിറ്റും സ്വര്‍ണം പണയംവച്ചുമണ് ദമ്പതിമാര്‍ പണം നല്‍കിയത്. തട്ടിപ്പു മനസിലാക്കിയ ഇവര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ചിറയിന്‍കീഴ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അരുണ പാര്‍വതിയോടൊപ്പം അഭിഭാഷകന്‍ ചമഞ്ഞ് ശങ്കര്‍ദാസ് വിവിധയിടങ്ങളില്‍ മാറിമാറി താമസിച്ചാണ് തട്ടിപ്പുനടത്തിയത്. സുഭാഷ്, വിഷ്ണു, കൈലാസ് എന്നീ പേരുകളിലും ശങ്കര്‍ദാസ് അറിയപ്പെടുന്നുണ്ട്.വ്യാജരേഖയുണ്ടാക്കി മറ്റുള്ളവരുടെ പേരില്‍ വായ്പയെടുത്ത് വാഹനങ്ങളും ഇവര്‍ വാങ്ങിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ മറ്റു ജില്ലകളിലും സമാനരീതിയില്‍ തട്ടിപ്പുനടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

 

 

 

 

 

 

 

 

Back to top button
error: