പട്ടാപ്പകല്‍ കടയില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂരിലെ പരിയാരം കുളപ്പുറത്താണ് സംഭവം. ചൊവ്വാഴ്ച രാവിലെ പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ പ്രേമചന്ദ്രന്റെ വിളയാങ്കോട് കുളപ്പുറത്തെ വീട്ടിലെത്തി പെണ്‍കുട്ടിയെ നേരില്‍ കണ്ട് മൊഴിയെടുത്തു. ഇതിനടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ദിവസം ഉച്ചകഴിഞ്ഞാണ് സംഭവം. കടയില്‍ ഇരുത്തി ബന്ധു പുറത്തു പോയ സമയത്ത് അതുവഴി കാറിലെത്തിയ രണ്ടംഗസംഘം കടയില്‍ കയറി പൈസ കൊടുത്ത് കുട്ടിയോട് മിഠായി വാങ്ങിക്കുകയും പിന്നീട് കൈയില്‍ പിടിച്ച് ബലമായി കാറില്‍ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.
കുട്ടി ബഹളം വെച്ചതോടെയാണ് പിടി വിട്ട് സംഘം കാറില്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ബന്ധുക്കളോടും നാട്ടുകാരോടും കുട്ടി വിവരം പറയുകയായിരുന്നു. പരിയാരം പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തു. പ്രദേശത്തെ കെട്ടിടത്തിലും റോഡരികിലെ വീടുകളിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ പൊലീസ് പരിശോധിച്ചുവെങ്കിലും കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല.