ന്യൂഡല്‍ഹി: തന്റെ ദുബായ് സന്ദര്‍ശനം ഔദ്യോഗികമല്ലെന്നും സ്വകാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രാലയത്തിന് വിശദീകരണം നല്‍കിയതായി റിപ്പോര്‍ട്ട്. ഈ സന്ദര്‍ശനത്തിന്റെ ചെലവ് മുഴുവന്‍ വ്യക്തിപരമായിട്ടാണ് വഹിക്കുന്നതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പേഴ്സണല്‍ സ്റ്റാഫിന്റെ ദുബായ് സന്ദര്‍ശനം ഔദ്യോഗികമാണെന്നും വിശദീകരിക്കുന്നുണ്ട്. ഇ- ഫയലുകള്‍ നോക്കുന്നതിനും മന്ത്രിസഭാ യോഗം ചേരുന്നതിനുമുള്ള സൗകര്യങ്ങള്‍ ചെയ്യുന്നതിനുമായാണ് പേഴ്‌സണല്‍ സ്റ്റാഫിനെ ഒപ്പം കൂട്ടിയതെന്നാണ് വിശദീകരണത്തില്‍ വ്യക്തമാക്കുന്നത്.
യു.കെ, നോര്‍വെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് മുഖ്യമന്ത്രി ദുബായ് സന്ദര്‍ശിച്ചത്. വിദേശകാര്യമന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയായിരുന്നു ഇത് . അനുമതി തേടി പിന്നീട് മന്ത്രാലയത്തെ സമീപിച്ചെങ്കിലും പേഴ്സണല്‍ അസിസ്റ്റന്റിനെ ഒപ്പം കൂട്ടിയതിന് വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. സ്വകാര്യ സന്ദര്‍ശനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ ഒപ്പം കൂട്ടുന്നത് ചട്ട വിരുദ്ധമാണെന്നതിനാലായിരുന്നു ഇത്.
മുഖ്യമന്ത്രിയുടെ വിശദീകരണത്തെത്തുടര്‍ന്ന് വിദേശകാര്യമന്ത്രാലയം ദുബായ് സന്ദര്‍ശനത്തിനുള്ള അനുമതി നല്‍കി. എന്നാല്‍ അനുമതി ലഭിച്ചപ്പോഴേക്കും മുഖ്യമന്ത്രി സന്ദര്‍ശനം തുടങ്ങിയിരുന്നു. ഒക്ടോബര്‍ 12-ന് ഉച്ചയ്ക്ക് ശേഷമാണ് അനുമതി ലഭിച്ചത്. എന്നാല്‍ അന്ന് രാവിലെയോടെയാണ് മുഖ്യമന്ത്രി സന്ദര്‍ശനം ആരംഭിച്ചത്.
അതിനിടെ, മുഖ്യമന്ത്രിയുടെ വിദേശയാത്രകൊണ്ട് സംസ്ഥാനത്തിന് എന്തുനേട്ടമുണ്ടായെന്ന് വിദശീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിട്ടുണ്ട്.