വിദേശയാത്ര നീട്ടി മുഖ്യമന്ത്രി; യു.എ.ഇയും സന്ദര്‍ശിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുടെ കാലാവധി നീട്ടി. നോര്‍വെയും ബ്രിട്ടനും സന്ദര്‍ശിച്ചശേഷം 12 ന് മടങ്ങിയെത്താനായിരുന്നു തീരുമാനം. എന്നാല്‍, യു.എ.ഇ കൂടി സന്ദര്‍ശിച്ചശേഷം 15ന് മടങ്ങിയെത്താനാണ് പുതിയ തീരുമാനം. ഇന്നലെ വെയില്‍സിലെ കാഡിഫില്‍ സന്ദര്‍ശനം നടത്താനിരുന്ന മുഖ്യമന്ത്രി അവസാന നിമിഷം യാത്ര വേണ്ടെന്നുവച്ചു. കരമാര്‍ഗമുള്ള മണിക്കൂറുകള്‍ നീണ്ട ദീര്‍ഘദൂര യാത്ര ഒഴിവാക്കാനായിരുന്നു ഇത്.
ഒക്ടോബര്‍ നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേക്കു പോയത്. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ടായിരുന്നു. നോര്‍വെയിലാണ് ആദ്യം സന്ദര്‍ശനം നടത്തിയത്. നോര്‍വെ ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ പോളിസി വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ മാരിടൈം ക്ലസ്റ്റര്‍ രൂപപ്പെടുത്തുന്നതിനും പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിലും ധാരണയായി. നോര്‍വീജിയന്‍ കമ്പനികളുടെ നിക്ഷേപക സംഗമം ജനുവരിയില്‍ നടത്താനും തീരുമാനമെടുത്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സംഘത്തോടൊപ്പം ചേര്‍ന്ന മന്ത്രിമാരും നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികളും ചീഫ് സെക്രട്ടറിയുമെല്ലാം അടുത്ത ദിവസങ്ങളില്‍ നാട്ടിലെത്തും.