KeralaNEWS

അന്നംമുട്ടിക്കുന്ന നടപടികളോട് ആഭിമുഖ്യമില്ല, ശ്രീനാഥ് ഭാസിക്ക് പിന്തുണയുമായി മമ്മൂട്ടി

     നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ നിര്‍മ്മാതാക്കളുടെ വിലക്കിനെതിരെ നടന്‍ മമ്മൂട്ടി. അന്നം മുട്ടിക്കുന്ന പരിപാടിയാണ് വിലക്ക്. തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സിനിമയില്‍ നിന്ന് വിലക്കിയ നിര്‍മാതാക്കളുടെ തീരുമാനം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു. തന്‍റെ പുതിയ ചിത്രമായ ‘റോഷാക്കി’ന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.

സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിന് എത്തിയ അവതാരകയോട് ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞു എന്നായിരുന്നു പരാതി. നടന്റെ പുതിയ ചിത്രം ‘ചട്ടമ്പി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി പുലഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തി എന്നുമായിരുന്നു അവതാരകയുടെ പരാതി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ പിന്നീട് നടന്‍ മാപ്പുപറഞ്ഞതോടെ അവതാരക പരാതി പിന്‍വലിച്ചു.

Signature-ad

പക്ഷേ ഈ സംഭവത്തിൻ്റെ അടിസ്ഥാനത്തില്‍ ശ്രീനാഥ് ഭാസിയെ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സിനിമാ നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു. നിലവില്‍ ബാക്കിയുള്ള ഡബ്ബിങ്ങും ഷൂട്ടിങ്ങും തീര്‍ക്കാന്‍ അനുവദിക്കും. അതിനു ശേഷം സിനിമകളില്‍ അഭിനയിപ്പിക്കില്ല. നാലു ഡബ്ബിങ്ങുകളും ഒരു സിനിമ ഷൂട്ടിങ്ങും പൂര്‍ത്തിയാക്കാന്‍ അനുവദിക്കും. കരാർ പ്രകാരം കൂടുതല്‍ വാങ്ങിയ തുക ശ്രീനാഥ് ഭാസി തിരിച്ചു നല്‍കണം എന്നീ തീരുമാനങ്ങളായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സ്വീകരിച്ചത്.

ഇതിനിടെ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ചിട്ടില്ലെന്നും വിലക്ക് നിലനില്ക്കുന്നതായും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു.

നടനെതിരെ നേരത്തേയും ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

Back to top button
error: