കോഴിക്കോട്: മലയാള ഭാഷയെ മാലിന്യത്തില്‍നിന്ന് മോചിപ്പിക്കാന്‍ ‘കുഴിമന്തി’ എന്ന വാക്ക് നിരോധിക്കണമെന്ന് വി.കെ.ശ്രീരാമന്‍. ഒരു ദിവസത്തേക്ക് കേരളത്തിന്റെ ഏകാധിപതിയായി നിയമിക്കപ്പെട്ടാല്‍ ആദ്യം ചെയ്യുക ‘കുഴിമന്തി’ എന്ന് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുകയായിരിക്കുമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇത് പിന്നീട് വലിയ ചര്‍ച്ചയായി.
”ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാല്‍ ഞാന്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത്”- ശ്രീരാമന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. വി.കെ.ശ്രീരാമന്റെ അഭിപ്രായത്തോട് യോജിക്കാനാകുന്നില്ലെന്ന് ചിലര്‍ തുറന്നു പറഞ്ഞപ്പോള്‍, മറ്റു ചിലര്‍ അനുകൂല കമന്റുകളാണ് നല്‍കിയത്. എന്നാല്‍ പോസ്റ്റിനെ പിന്തുണച്ച് സുനില്‍ പി. ഇളയിടം അടക്കമുള്ളവര്‍ രംഗത്തെത്തിയതോടെ ചര്‍ച്ച കനത്തു. പിന്നാലെ വിശദീകരണവുമായി സുനില്‍ പി ഇളയിടവുമെത്തി.
വ്യക്തിപരമായി തനിക്ക് ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണതെന്നും വളരെ മികച്ച ഒരു ഭക്ഷണത്തിന് കുറച്ചുകൂടി നല്ല പേര് ആകാമായിരുന്നുഎന്ന് എല്ലായ്പ്പോഴും തോന്നിയിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങളെയും ഭാഷയെക്കുറിച്ചുള്ള വിഭാഗീയ വീക്ഷണങ്ങളെയും ശരിവയ്ക്കുന്നു എന്ന തോന്നലുളവാക്കാന്‍ അത് കാരണമായിട്ടുണ്ടെന്നും അക്കാര്യത്തിലുള്ള എന്റെ നിര്‍വ്യാജമായ ഖേദം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.