കർഷകർക്ക് വേണ്ടി നിരവധി പദ്ധതികളാണ് രാജ്യത്ത് ഒരുങ്ങുന്നത്. ഉദാഹരണത്തിന്, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി, സബ്‌സിഡിയുള്ള ഡീസൽ സ്കീമുകൾ എന്നിവയെല്ലാം കർഷകർക്കായുള്ള പദ്ധതികളാണ്. കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനായി ബാങ്കിൽ പോകേണ്ടി വരില്ല എന്ന് കേൾക്കുമ്പോൾ കർഷകർ തീർച്ചയായും സന്തോഷിക്കും. രാജ്യത്തെ കർഷകരുടെ സാമ്പത്തിക ക്ഷേമത്തിനും പിന്തുണയ്‌ക്കുമായി ആരംഭിച്ച കിസാൻ ക്രെഡിറ്റ് കാർഡ് ഇനി ഡിജിറ്റലാകും. കർഷകർക്ക് അതിവേഗം വായ്പ ലഭ്യമാക്കുന്ന കിസാൻ ക്രെഡിറ്റ് കാർഡ് ഡിജിറ്റലാക്കുന്ന പദ്ധതിക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ഫെഡറൽ ബാങ്കും തുടക്കം കുറിച്ചു.
പൊതുവായ്പാദാതാക്കളായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മധ്യപ്രദേശിലെ ഹർദ ജില്ലയിൽ പരീക്ഷണാടിസ്ഥാനം പദ്ധതി ആരംഭിച്ചിട്ടുണ്ട്. അതേസമയം ചെന്നൈയിൽ ഫെഡറൽ ബാങ്ക് പദ്ധതി അവതരിപ്പിച്ചു. ഉടൻ തന്നെ ഇത് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ബാങ്ക് അധികൃതർ പറയുന്നു. മാറുന്ന സാങ്കേതിക വിദ്യകൾക്കൊപ്പം കർഷകരും മുന്നേറേണ്ടതുണ്ടെന്ന് സർക്കാർ നേരത്തെ സൂചിപ്പിച്ചിരുന്നു. ഭൂമിയുടെ രേഖകളുടെ പരിശോധനയ്ക്കായി കർഷകർ ഇപ്പോൾ ബാങ്ക് സന്ദർശിക്കേണ്ടതില്ല. ബാങ്ക് തന്നെ കൃഷിഭൂമിയുടെ രേഖകൾ ഓൺലൈനായി പരിശോധിക്കും.
കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കണമെങ്കിൽ നേരിട്ട് ബാങ്കിലെത്തി ഭൂമിയുടെ ഉടമസ്ഥാവകാശവും മറ്റ് രേഖകളും സമർപ്പിക്കണമായിരുന്നു. തുടർന്ന് കെസിസി ലഭിക്കുന്നതിനുള്ള കാത്തിരിപ്പും. ഇതിനെല്ലാം പരിഹാരമാകുകയാണ്. കർഷകരുടെ ഉന്നമനത്തിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗനിർദേശപ്രകാരം റിസർവ് ബാങ്ക് ഇന്നവേഷൻ ഹബ്ബുമായി കൈകോർത്താണ് ബാങ്കുകൾ കിസാൻ ക്രെഡിറ്റ് കാർഡ് ഡിജിറ്റലാക്കുന്നത്.
ബാങ്കിങ് സേവനം ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളിലെ ജനങ്ങൾക്കും ചെറുകിട കർഷകർക്കും ചെറിയ തുകകൾ വായ്പയായി നൽകാനാണ് കിസാൻ ക്രെഡിറ്റ് കാർഡ് ഡിജിറ്റലാക്കുന്നത്. ഫോണിലൂടെ വായ്പ ലഭിക്കാനുള്ള നടപടികൾ ആരംഭിക്കാം. അതിനായി ബാങ്കിന്റെ ശാഖ സന്ദർശിക്കേണ്ട ആവശ്യമില്ല. ബാങ്ക് കൃഷിഭൂമി പരിശോധന ഓൺലൈനായി നടത്തും. മാത്രമല്ല 2 മണിക്കൂറിനുള്ളിൽ വായ്പയ്ക്കുള്ള അനുമതിയും ഒപ്പം വിതരണവും പൂർത്തിയാകുമെന്നും ബാങ്കുകൾ അറിയിച്ചു.