ആലപ്പുഴ : ആലപ്പുഴ എണ്ണക്കാട് നെടിയത്ത് കിഴക്കേതിൽ സുധന്റെ മകൻ നന്ദുവിനെ തട്ടിക്കൊണ്ടു പോയ കേസിൽ നാലുപേർ അറസ്റ്റിൽ. കായംകുളം സ്വദേശി ആഷിഖ്, രജിത്ത്, ചെങ്ങന്നൂർ സ്വദേശി അരുൺ വിക്രമൻ, മാവേലിക്കര സ്വദേശി ഉമേഷ് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് നന്ദുവിനെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകിയത്.
മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിൽ നന്ദുവിനെ സ്കോർപ്പിയോ കാറിൽ തട്ടിക്കൊണ്ടു പോയതായി കണ്ടെത്തി. പ്രതികളിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ നന്ദു അടുത്ത വീടിന്റെ മുകളിൽ കയറി ഒളിച്ചിരുന്നതോടെയാണ് രക്ഷപ്പെട്ടത്. പ്രതികളെ ചെങ്ങന്നൂർ പാണ്ഡവൻപാറയിൽ നിന്നാണ് മാന്നാർ പൊലീസ് അറസ്റ്റു ചെയ്തത്. കഞ്ചാവ് കച്ചവടത്തിലെ പ്രതിഫലം വീതം വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
നന്ദുവിനെ കാണാതാവുകയും നന്ദുവിന്റെ മൊബൈൽ ഫോൺ ആറിന്റെ തീരത്ത് കിടന്ന് കിട്ടിയതും ദുരൂഹതയ്ക്ക് കാരണമായിരുന്നു. എന്നാൽ ശനിയാഴ്ച രാത്രിയിൽ നന്ദുവിനെ സ്കോർപിയോ കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയും അവരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ നന്ദു അടുത്ത വീടിന്റെ മുകളിൽ കയറി ഒളിച്ചിരുന്ന് രക്ഷപ്പെടുകയായിരുന്നു. കായംകുളം ഓച്ചിറ ഉൾപ്പെടെ കേരളത്തിലെ പല സ്റ്റേഷനുകളിലുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും രണ്ടുതവണ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുള്ള ആളാണ് തക്കാളി ആഷിക് എന്ന് പൊലീസ് പറഞ്ഞു.