IndiaNEWS

രജിസ്റ്റര്‍ വിവാഹനോട്ടീസ് പൊതു ഇടത്തില്‍ പരസ്യപ്പെടുത്തരുതെന്ന് മലയാളി യുവതി; ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വെബ്‌സൈറ്റിലും പൊതു ഇടങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. മലയാളിയും മിശ്രവിവാഹിതയുമായ ആതിര ആര്‍.മേനോന്‍ ആണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

വിവാഹത്തില്‍ എതിര്‍പ്പ് അറിയിക്കാനുള്ള വ്യവസ്ഥയടക്കം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് ചട്ടങ്ങള്‍ ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചത്. വിവാഹിതര്‍ ആകുന്നവരുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വ്യവസ്ഥകള്‍ നേരിട്ട് ബാധിക്കാത്ത വ്യക്തി നല്‍കുന്ന ഹര്‍ജിയെ പൊതുതാത്പര്യ ഹര്‍ജിയായി കണക്കാക്കാന്‍ കഴിയില്ലെന്നും നിലവില്‍ വിഷയത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

Signature-ad

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതര്‍ ആകുന്നവര്‍, ജില്ലയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് മുമ്പാകെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ദിവസത്തിന് ചുരുങ്ങിയത് 30 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കിയിരിക്കണം. വിവാഹിതര്‍ ആകാന്‍ പോകുന്നവരുടെ പേര്, ജനന തീയതി, പ്രായം, ജോലി, രക്ഷകര്‍ത്താക്കളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങുന്നതാണ് അപേക്ഷ. ഈ അപേക്ഷ ഉദ്യോഗസ്ഥന്‍ ഔദ്യോഗിക ബുക്കില്‍ രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ഓഫീസിലെ ചുമരില്‍ പതിക്കണം. വിവാഹിതര്‍ ആകുന്നവരില്‍ ഒരാള്‍ കഴിഞ്ഞ മുപ്പത് ദിവസമായി താമസിക്കുന്ന സ്ഥലത്തിന്റെ പരിധിയില്‍ വരുന്ന ഓഫീസില്‍ ആണ് ഇങ്ങനെ പതിക്കേണ്ടത്. വിവാഹത്തില്‍ എതിര്‍പ്പ് ഉള്ളവര്‍ക്ക് അത് അറിയിക്കാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

എന്നാല്‍ ഈ വ്യവസ്ഥകള്‍ സ്വകാര്യതയുടെ ലംഘനമാണെന്ന് ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രവി ശങ്കര്‍ ജാന്‍ഡ്യാല, അഭിഭാഷകന്‍ ശ്രീറാം പ്രക്കാട്ട്, അഭിഭാഷക അനുപമ സുബ്രഹ്‌മണ്യം എന്നിവര്‍ വാദിച്ചു. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യത ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ക്കുമെതിരാണ്. അതിനാല്‍ വകുപ്പുകള്‍ റദ്ദാക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു.

Back to top button
error: