KeralaNEWS

അടിവസ്ത്രം അഴിപ്പിച്ച് പരിശോധന: അവഹേളിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും

കൊല്ലം: നീറ്റ് പരീക്ഷയുടെ സുരക്ഷാ പരിശോധനയുടെ പേരില്‍ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അപമാനിക്കപ്പെട്ട പെണുകുട്ടികള്‍ക്കായി വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനം. കൊല്ലം എസ്.എന്‍. സ്‌കൂളില്‍ സെപ്റ്റംബര്‍ നാലാം തീയതി ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് 5.20വരെയാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളേജില്‍ പരീക്ഷ എഴുതാന്‍ എത്തി അപമാനിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് വീണ്ടും പരീക്ഷയെഴുതാന്‍ അവസരം നല്‍കിയിരിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടികളില്‍ ആര്‍ക്കെങ്കിലും ഈ പരീക്ഷ എഴുതേണ്ടതില്ലെന്നും മുന്‍ പരീക്ഷയുടെ ഫലം മതി എന്ന് കരുതുകയാണെങ്കില്‍ അവര്‍ക്ക് പരീക്ഷ എഴുതേണ്ടതില്ല. ആവശ്യമുള്ളവര്‍ക്ക് മാത്രം പരീക്ഷ എഴുതിയാല്‍ മതി എന്ന നിര്‍ദ്ദേശമാണ് വന്നിട്ടുള്ളത്.

പരിശോധനയുടെ പേരില്‍ അവഹേളിക്കപ്പെട്ടതോടെ മാനസിക സമ്മര്‍ദ്ദം നേരിട്ട കുട്ടികള്‍ക്ക് പരീക്ഷ എഴുതാനായില്ല എന്ന് പരാതി ഉയര്‍ന്നിരുന്നു. വിവാദ നടപടിയില്‍ അന്വേഷണത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

പരീക്ഷ സംബന്ധിച്ചുള്ള അറിയിപ്പ് വിദ്യാര്‍ഥിനികള്‍ക്ക് നല്‍കിയിട്ടുണ്ട്. കേരളത്തിന് പുറമേ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലായി ആറു കേന്ദ്രങ്ങളില്‍ കൂടി ഇതേ ദിവസം പരീക്ഷ നടക്കും. ഹാള്‍ടിക്കറ്റ് ലഭിച്ചതായും വീണ്ടും പരീക്ഷ നടത്തുമ്പോള്‍ കൃത്യമായ യോഗ്യതയുള്ളവരെ മേല്‍നോട്ടത്തിന് നിയമിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

Back to top button
error: