റോം: ഇറ്റാലിയൻ നഗരത്തിൽ യുക്രെയ്ൻ സ്വദേശിനിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് പ്രധാനമന്ത്രി സ്ഥാനാർത്ഥി ജോർജിയ മെലോണി. അവ്യക്തമാക്കിയ വീഡിയോയാണ് ജോർജിയ പങ്കുവെച്ചത്. എന്നാലിത് വ്യാപക വിമർശനത്തിന് വിധേയമായതിന് പിന്നാലെ വീഡിയോ ട്വിറ്റർ നീക്കം ചെയ്തു. മെലോണിക്കെതിരെ രാഷ്ട്രീയ എതിരാളികളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തി.
ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വീഡിയോ ആയിരുന്നു ജോർജിയ പങ്കുവച്ചത്. ഇത് ക്രൂരമാണെന്നും അതീജീവിതയുടെ അനുവാദം ഇല്ലാതെ വീഡിയോ പുറത്തുവിടുന്നത് യുവതിയുടെ ദുരിതം ഇരട്ടിയാക്കുമെന്നും ആരോപണം ഉയർന്നു. പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ ഏറെ മുന്നിലുള്ള സ്ഥാനാർത്ഥിയാണ് ജോർജിയ മെലോനി. ചൊവ്വാഴ്ച രാവിലെ പോസ്റ്റ് നീക്കം ചെയ്ത ട്വിറ്റർ, കമ്യൂണിറ്റി നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് സന്ദേശം പ്രദർശിപ്പിച്ചിരിക്കുകയാണ്.
എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറാകാത്ത മെലോണി പിന്നീട് പ്രതികരണവുമായി എത്തി. ‘ഇരയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സംഭവിച്ചതിനെ അപലപിക്കാനും നീതി ആവശ്യപ്പെടാനുമാണ്’ താൻ വീഡിയോ പങ്കുവച്ചതെന്ന് മെലോണി തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. 55 കാരിയായ ഉക്രേനിയൻ സ്ത്രീയെ ഗിനിയയിൽ നിന്നുള്ള ഒരു അഭയാർത്ഥി ഞായറാഴ്ച പുലർച്ചെ നടപ്പാതയിൽ വച്ച് ആക്രമിച്ചുവെന്നാണ് വടക്കൻ നഗരമായ പിയാസെൻസയിലെ പൊലീസ് നൽകുന്ന വിവരം. ഇയാളുടെ അറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.
ഏതോ ഫ്ലാറ്റിൽ നിന്നും പകർത്തിയ സംഭവത്തിന്റെ വീഡിയോ ബ്ലർ ചെയ്താണ് ഓൺലൈൻ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചത്. അതിജീവിതയെ തിരിച്ചറിയാൻ വീഡിയോയിലൂടെ സാധിക്കുന്നുമില്ല. എന്നാൽ ആക്രമണ സമയത്തെ സ്ത്രീയുടെ കരച്ചിലടക്കം കൃത്യമായി കേൾക്കുന്ന ഓഡിയോ വീഡിയോക്കൊപ്പമുണ്ട്. സെപ്തംബർ 25ന് നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടെടുപ്പിൽ മെലോണിയും അവരുടെ വലതുപക്ഷ സഖ്യകക്ഷികളും ഏറെ മുന്നിലാണ്, അവർ അധികാരം നേടുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. മെലോണിയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടി പാർലമെന്റിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടുമെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രിയായി ജോർജിയ എത്തിയ ഇറ്റലിയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാവും അവർ.