SportsTRENDING

ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു, പ്രിയങ്ക് പാഞ്ചാല്‍ ക്യാപ്റ്റന്‍

മുംബൈ: ന്യൂസിലന്‍ഡ് എ ടീമിനെതിരായ ചതുര്‍ദിന പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. പ്രിയങ്ക് പാഞ്ചാലാണ് നായകന്‍. വെസ്റ്റ് ഇന്‍ഡീസിനും സിംബാബ്‌വെക്കും എതിരായ ഏകദിന പരമ്പരകളില്‍  ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിച്ച റുതുരാജ് ഗെയ്ക്‌വാദ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ എ ടീമിലിടം നേടിയപ്പോള്‍ മലയാളി താരം സഞ്ജു സാസംണ്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമിലില്ല.

കെ എസ് ഭരതും ഉപേന്ദ്ര യാദവുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലിടം നേടിയത്. അഭിമന്യു ഈശ്വരന്‍, രജത് പീട്ടീദാര്‍, രഞ്ജി ട്രോഫിയില്‍ മുംബൈക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്ത സര്‍ഫ്രാസ് ഖാന്‍, മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മ, ദീര്‍ഘനാളായി ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് പരിഗണിക്കാത്ത ലെഗ് സ്പിന്നര്‍ രാഹുല്‍ ചാഹര്‍, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കളിച്ച ഉമ്രാന്‍ മാലിക്ക് എന്നിവരും ടീമിലെത്തി.

Signature-ad

ന്യൂസിലന്‍ഡ് എ ടീമിനെതിരെ മൂന്ന് ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ എ ടീം കളിക്കുക. ആദ്യ ചതുര്‍ദിന ടെസ്റ്റ് മത്സരം സെപ്റ്റംബര്‍ ഒന്നിന് ബെഗലൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുടങ്ങും. രണ്ടാം മത്സരം ഹുബ്ലിയിലെ രാജ്നഗര്‍ സ്റ്റേഡിയത്തിലും മൂന്നാം മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തിലും നടക്കും.

ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ഏകദിന മത്സരങ്ങള്‍. ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഏഷ്യാ കപ്പിനുശേഷം ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ ടി20, ഏകദിന പരമ്പരകള്‍ ഇന്ത്യന്‍ സീനിയര്‍ ടീം കളിക്കുന്നുണ്ട്. ഇതില്‍ സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങലെ പരീക്ഷിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് സഞ്ജു, ഇഷാന്‍ കിഷന്‍, ഗില്‍ എന്നിവരെ എ ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Back to top button
error: