കുടുംബത്തിന്റെ അത്താണിയായ 15കാരൻ അശ്വിൻ്റെ കഥ ആരിലും ആവേശമുണർത്തും. ഈ ചെറിയ പ്രായത്തിലും ഒട്ടേറെ അഗ്നിപരീക്ഷകള്‍ നേരിട്ടാണ് മുന്നോട്ടു പോകുന്നത്. പക്ഷേ അതൊന്നും അവനെ തളര്‍ത്തുന്നില്ല. അച്ഛൻ വിനോദിന്റെ മരണത്തോടെ അനാഥമായ ഒരു വലിയ കുടുംബത്തിന്റെ അത്താണിയാണ് ഇന്നീ പത്താംക്ലാസുകാരന്‍.
അവന്‍ ഒറ്റയ്ക്ക് നിന്ന് പോരാടുകയാണ്. പുലര്‍ച്ചെ എഴുന്നേറ്റ് രാവിലെ എട്ടുമണിവരെ മോട്ടോര്‍പമ്പുകള്‍ നന്നാക്കും. അതിനിടയിലാണ് പഠനം. പിന്നെ, പുസ്തകക്കെട്ടുമായി സ്‌കൂളിലേക്ക്. തിരിച്ചെത്തിയാല്‍ വീണ്ടും പമ്പുകളുടെ അറ്റകുറ്റപ്പണിയിലേക്ക് തിരിയും.
എറണാകുളം സെയ്ന്റ് ആല്‍ബര്‍ട്ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിക്ക് ജീവിതം പ്രാരാബ്ധങ്ങളുടെ ഒരു പാഠപുസ്തകമാണ്. എറണാകുളം നോര്‍ത്ത് സെന്റ് വിന്‍സെന്റ് റോഡ് മഠത്തിപ്പറമ്പില്‍ ലൈനിലെ താമസസ്ഥലത്തെ വീടെന്നു വിളിക്കാനാവില്ല. രണ്ടുസെന്റിലെ വീണ്ടുകീറിയ ചുമരുകളുള്ള കൊച്ചുവീട് മഴവന്നാല്‍ ചോര്‍ന്നോലിക്കും, വെള്ളക്കെട്ടുമാണ്. രണ്ടു കുടുംബങ്ങളാണ് ആ കൊച്ചു കൂരയിൽ ജീവിതം പുലർത്തുന്നത്.
ജൂണിലാണ് അച്ഛന്‍ വിനോദ് കുമാര്‍ ഹൃദയസ്തംഭനം മൂലം മരിച്ചത്.
രവിപുരത്ത് ആലപ്പാട്ട് റോഡിലായിരുന്നു വിനോദിന്റെ കട. കാര്‍വാഷ് പ്രഷര്‍പമ്പുകള്‍, ഗ്രീസ് പമ്പ്, കംപ്രസര്‍ എന്നിവയുടെ റിപ്പയറിങ് സ്ഥാപനം. ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും കോവിഡ് കാലത്ത് വീട്ടിലിരുന്നും വിനോദ് പണിയെടുത്തു. ജോലികളില്‍ മകനെയും കൂട്ടിയപ്പോള്‍ അശ്വിനും പണിപഠിച്ചു. വിനോദ് മരിച്ചിട്ടും അതറിയാതെ റിപ്പയറിങ്ങിനുള്ള ഓര്‍ഡറുകള്‍ വന്നുകൊണ്ടിരുന്നു. അങ്ങനെ അച്ഛന്റെ വിയര്‍പ്പുമണം മാറാത്ത മുറിയില്‍ അശ്വിന്‍ ഒറ്റക്ക് പണിതുടങ്ങി.
വിനോദിന്റെ സഹോദരന്‍ പെയിന്റിങ് ജോലിക്കാരനായിരുന്ന വിനയകുമാര്‍ 2017-ല്‍ മരണപ്പെട്ടു. വിനയന്റെയും വിനോദിന്റെയും കുടുംബങ്ങളും വീട്ടിലുണ്ട്. പറക്കമുറ്റാത്ത അഞ്ചുകുട്ടികളും പ്രായമായ അവരുടെ മുത്തശ്ശി പ്രേമയും അടക്കം എട്ടുപേര്‍. കുടുംബത്തിനായി വിനോദ് എടുത്ത പല കടങ്ങളും കോവിഡ് കാലംവരെ മുടങ്ങാതെ അടച്ചിരുന്നു. വായ്പകള്‍ ഇനിയും തിരിച്ചടയ്ക്കാനുണ്ട്. കേരളബാങ്കില്‍നിന്നെടുത്ത വായ്പയുടെ ഒന്‍പതുലക്ഷവും ബാക്കിയുണ്ട്. എല്ലാം ഇപ്പോള്‍ അശ്വിൻ എന്ന 15 കാരൻ്റെ ചുമലിലാണ്.