റിയാദിലെ വര്‍ക്ക്‌ഷോപ്പില്‍ റിപ്പയറിംഗിന് നല്‍കിയ കാറില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ മദ്യം കടത്തിയതിനെ തുടര്‍ന്ന് മലയാളിയായ കാര്‍ ഉടമക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം ഓയൂര്‍ സ്വദേശി ഷൈജു മജീദിനെതിരെയാണ് കേസ്. റിയാദ് എക്സിറ്റ് പതിനെട്ടിലെ വര്‍ക് ഷോപ്പിലാണ് വാഹനം നന്നാക്കാന്‍ കൊടുത്തത്.
റെനോള്‍ട്ട് 2012 മോഡല്‍ കാറിന്റെ സ്പെയര്‍പാര്‍ട്സ് ലഭ്യമായിരുന്നില്ല. സ്പെയര്‍പാര്‍ട്സ് വരുത്തി നന്നാക്കാമെന്ന് വര്‍ക്ഷോപ്പിലെ മലയാളി ജീവനക്കാന അറിയിച്ചതിനെ തുടര്‍ന്നാണ് കാര്‍ വര്‍ക്ഷോപ്പില്‍ ഏല്‍പ്പിച്ചതെന്ന ഷൈജു പറഞ്ഞു.നന്നാക്കിയ വാഹനം എടുക്കാന്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തിയപ്പോഴാണ് കാറും മലയാളി ജീവനക്കാരനെയും കാണാനില്ലെന്ന് അറിയുന്നത്. റിയാദിലെ അസീസിയ പോലീസ് സ്റ്റേഷന്‍ നിന്ന് വിളി വന്നപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. മദ്യം കടത്തുന്നതിനിടെയാണ് കാര്‍ പോലീസ് പിടിച്ചെടുത്തത്.
കാര്‍ ഉടമ എന്ന നിലയില്‍ ഷൈജുവിനെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി. സാമൂഹ്യ പ്രവര്‍ത്തകന്‍ റാഫി പാങ്ങോടിന്റെ സഹായത്തോടെ പൊലീസ് സ്റ്റേഷനിലെത്തി ഷൈജു നിരപരാധിത്വം വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കാമെന്ന വ്യവസ്ഥയോടെ ഷൈജുവിനെ വിട്ടയച്ചു. കാറില്‍ മദ്യം കടത്തുമ്പോള്‍ മലയാളികളായ രണ്ട് ജീവനക്കാരും കാറിലുണ്ടായിരുന്നു. ഇവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.