LIFEMovie

ജൂനിയര്‍ എന്‍ടിആ‍ര്‍ ബിജെപിയിലേക്കോ?

ഹൈദരാബാദ് : ഹൈദരാബാദില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിരുന്നില്‍ പങ്കെടുത്തതിന് പിന്നാലെ ജൂനിയര്‍ എന്‍ടിആറിന്‍റെ ബിജെപി പ്രവേശന സാധ്യത സജീവ ചര്‍ച്ചയാകുന്നു. ടിഡിപിയെ എന്‍ഡിഎയിലേക്ക് തിരികെയെത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ബിജെപി തുടക്കംകുറിച്ചു. തെലുങ്കു രാഷ്ട്രീയത്തില്‍ പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിമാറിയിരിക്കുകയാണ് അമിത് ഷാ നേരിട്ടെത്തി നടത്തിയ നീക്കങ്ങള്‍. ജൂനിയര്‍ എന്‍ടിആറും റാമോജി റാവുവുമായി അമിത് ഷാ നടത്തിയ ചര്‍ച്ചകള്‍, ടിഡിപിയുടെ മടങ്ങിവരവിന് വഴിതുറക്കുമെന്ന കണക്കൂകൂട്ടലിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.

എന്‍ടി രാമറാവുവിന്‍റെ കൊച്ചുമകനെ തന്നെ ചര്‍ച്ചയ്ക്ക് എത്തിച്ച് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തേടാനാണ് ബിജെപി ശ്രമം. വിരുന്നില്‍ പങ്കെടുത്തിന് പിന്നാലെയാണ് ജൂനിയര്‍ എന്‍ടിആറിന്‍റെ ബിജെപി പ്രവേശനം ഉടനുണ്ടാകുമെന്ന അഭ്യൂഹം ശക്തമായത്. തെലങ്കാനയിലുള്ള ആന്ധ്ര വോട്ടര്‍മാരുടെയും കമ്മ വിഭാഗത്തിന്‍റെയും പിന്തുണ ജൂനിയര്‍ എന്‍ടിആറിലൂടെ ഉറപ്പിക്കാനാകുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. പ്രാദേശിക നേതാക്കളെ ഒപ്പമെത്തിച്ച് ടിആര്‍എസിനെ നേരിടാമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ പ്രതീക്ഷ.

ചന്ദ്രബാബു നായിഡുവിന്‍റെ വിശ്വസ്ഥനും, നിര്‍മ്മാതാവുമായ റാമോജി റാവുവുമായി ഷാ ഫിലിംസിറ്റിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. സൗഹൃദ സംഭാഷണമെന്നാണ് വിശദീകരണമെങ്കിലും ടിഡിപിയുടെ മടങ്ങിവരവ് കൂടിക്കാഴ്ചയില്‍ വിഷയമായി. രാഷ്ട്രപതി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ ടിഡിപി പിന്തുണച്ചിരുന്നു. അത്താഴ വിരുന്നിനോട് ടിഡിപിയും എന്‍ടിആറിന്‍റെ നന്ദമുരി കുടുംബവും പ്രതികരിച്ചിട്ടില്ല. പവന്‍ കല്യാണിന്‍റെ ജനസേന പാര്‍ട്ടിയെ ഒപ്പം നിര്‍ത്തിയുള്ള സഖ്യരൂപീകരണവും ചര്‍ച്ചയായി. ഇതിനിടെ ദില്ലിയിലെത്തിയ ആന്ധ്ര മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. വികസനപദ്ധതികള്‍ക്കൊപ്പം രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ചയായി. നരേന്ദ്രമോദിക്ക് എതിരെ ഫെഡറല്‍ സഖ്യത്തിന് കെസിആര്‍ ശ്രമം നടത്തുന്നതിനിടെയാണ് ബിജെപി നീക്കം.

അവിഭക്ത ആന്ധ്രാപ്രദേശിൻ്റെ മുഖ്യമന്ത്രിയും സൂപ്പര്‍ സ്റ്റാറുമായിരുന്ന എൻടിആറിൻ്റെ പേരമകനാണ് ജൂനിയര്‍ എൻടിആര്‍. എൻടിആര്‍ സ്ഥാപിച്ച തെലുങ്ക് ദേശം പാര്‍ട്ടിക്ക് വേണ്ടി 2009-ലെ പൊതുതെരഞ്ഞെടുപ്പിൽ ജൂനിയര്‍ എൻടിആര്‍ പ്രചാരണം നടത്തിയിരുന്നു. അതിനു ശേഷം ഇത്ര വര്‍ഷമായി രാഷ്ട്രീയത്തിൽ നിന്നും അകലം പാലിച്ചാണ് ജൂനിയര്‍ എൻടിആര്‍ നിന്നിട്ടുള്ളത്. അദ്ദേഹത്തിൻ്റെ പിതാവ് നന്ദാമുറി ഹരികൃഷ്ണ ടിഡിപിയുടെ രാജ്യസഭാ അംഗമായിരുന്നു. പിതൃസഹോദരനും തെലുങ്ക് സൂപ്പര്‍സ്റ്റാറുമായ നന്ദാമുറി ബാലകൃഷ്ണ നിലവിൽ ഹിന്ദ്പുര്‍ മണ്ഡലത്തിൽ നിന്നുള്ള ടിഡിപി എംഎൽഎയാണ്.

Back to top button
error: