IndiaNEWS

17 കാരി പെൺകുട്ടിയുടെ കൊലപാതകം, പ്രതിയെ പിടിക്കാൻ ‘ആത്മീയ ഗുരു’വിന്റെ സഹായം തേടി പൊലീസ് ഉദ്യോഗസ്ഥൻ

    മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് ഇന്ത്യയിലെ കുറ്റാന്വേഷണ സംവിധാനത്തെ തന്നെ അപഹസിക്കുന്ന ഒരു സംഭവം അരങ്ങേറിയത്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ വൻ പുരോഗതി കൈവരിച്ചിട്ടും നാട് ഇപ്പോഴും അന്ധവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പിടിയിലാണെന്ന് അരക്കിട്ടുറപ്പിക്കുന്നു ഈ സംഭവം. കൊലപാതകക്കേസ് തെളിയിക്കാൻ സന്യാസിയിൽ നിന്ന് ‘ആത്മീയ മാർഗനിർദേശം’ തേടുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലായി. 17 കാരിയെ കൊലപ്പെടുത്തിയയാളെ പിടികൂടാൻ എഎസ്ഐ അശോക് ശർമ സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവിന്റെ സഹായം തേടിയ സംഭവമാണ് ഛത്തർപൂർ ജില്ലയിൽ നിന്ന് പുറത്തുവന്നത്.

വീഡിയോയിൽ, എഎസ്‌ഐ അശോക് ശർമ കൊലപാതകത്തിൽ സംശയമുള്ളവരുടെ പേരുവിവരങ്ങൾ ആത്മീയ ഗുരുവിന് കൂപ്പുകൈകളോടെ കൈമാറുന്നത് കാണാം. തുടർന്ന് ഗുരു പറഞ്ഞു:
“നിങ്ങളുടെ ലിസ്റ്റിൽ കുറച്ച് പേരുകളുണ്ട്, ഞാൻ ഇപ്പോൾ കുറച്ച് പേരുകൾ എടുക്കും. നിങ്ങളുടെ ലിസ്റ്റിൽ ഇല്ലാത്ത പേര് പ്രധാന പ്രതിയാണ്…” തുടർന്ന്, അദ്ദേഹം മൂന്ന് പേരുകൾ എടുത്ത് പറഞ്ഞു:
“ആ വ്യക്തി ആരാണെന്ന് ഇപ്പോൾ നിങ്ങൾക്ക് മനസിലാകും. ഈ കേസിന്റെ ചോദ്യം ചെയ്യലിനായി നിങ്ങൾ അവനെ കസ്റ്റഡിയിലെടുത്തിരുന്നു”.

ജൂലൈ 28ന് ഛത്തർപൂർ ജില്ലയിലെ ബമിത പൊലീസ് സ്‌റ്റേഷന് പരിധിയിൽ 17 വയസുള്ള പെൺകുട്ടി കൊല്ലപ്പെട്ടിരുന്നു. ആത്മീയ ഗുരുവിൽ നിന്ന് സഹായം തേടുന്ന എഎസ്‌ഐയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആളുകൾ പൊലീസ് സംവിധാനത്തെ വിമർശിക്കാനും ചോദ്യം ചെയ്യാനും തുടങ്ങി. ഇതിനെ തുടർന്ന് ഛത്തർപൂർ എസ്പി സചിൻ ശർമ എഎസ്‌ഐ അശോക് ശർമയെ സസ്‌പെൻഡ് ചെയ്തു. അങ്ങനെയെങ്കിലും പൊലീസ് സേനയുടെ മാനം കാത്തു എന്നു പറഞ്ഞാൽ മതിയല്ലോ.

Back to top button
error: