CrimeNEWS

മൊബൈൽ ഫോൺ ചാർജറിൽ ഒളിക്യാമറ ഘടിപ്പിച്ച് സ്വകാര്യ വീഡിയോകൾ ചിത്രീകരിച്ച് സ്ത്രീകളെ ബ്ലാക്മെയിൽ ചെയ്ത എൻജിനീയറിംഗ് ബിരുദധാരി അറസ്റ്റിൽ

ഒളിക്യാമറ ഉപയോഗിച്ച് വനിതാ സുഹൃത്തിന്റെ സ്വകാര്യ വീഡിയോകൾ പകർത്തി ശാരീരിക ബന്ധത്തിലേർപെടാൻ ബ്ലാക് മെയിൽ ചെയ്ത യുവാവിനെ ബെംഗ്ളുര് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. മൈസുറു ജില്ലയിൽ താമസക്കാരനായ എം മഹേഷ് (30) ആണ് അറസ്റ്റിലായത്. എൻജിനീയറിംഗ് ബിരുദധാരിയായ ഇയാൾ ടി നരസിപുരയിൽ ഭക്ഷണ വ്യാപാരം നടത്തുകയാണ്.

പ്രതിയായ മഹേഷ് തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ലക്ഷ്യമിട്ട് അവരുടെ വീടുകളിൽ ഇടയ്ക്കിടെ സന്ദർശിക്കുകയും കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ സ്ഥാപിച്ച് വീഡിയോ റെകോർഡ് ചെയ്യുകയും ചെയ്തിരുന്നു. ഇരയായ യുവതിയുടെ സുഹൃത്താണ് മഹേഷ്. ഒരു മാസം മുമ്പ്, താൻ ബെംഗ്ളൂരിൽ വന്നിട്ടുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയുടെ വീട്ടിലെത്തി രണ്ട് ദിവസം അവിടെ താമസിച്ചു. അതിനിടയിൽ ഒളിക്യാമറ ഘടിപ്പിച്ച മൊബൈൽ ഫോൺ ചാർജർ പെൺകുട്ടിയുടെ മുറിക്കകത്ത് രണ്ട് ദിവസം വെക്കുകയും ചെയ്തു.

യുവതി വസ്ത്രം മാറുന്നതിന്റെ വീഡിയോകൾ റെകോർഡുചെയ്‌തു. മഹേഷ് അവിടെ നിന്ന് മടങ്ങിയതിന് ശേഷം, പിന്നീട് യുവതിയുടെ സ്വകാര്യ വീഡിയോകൾ ഉണ്ടെന്നും ശാരീരിക ബന്ധത്തിന് വഴങ്ങണമെന്നും ആവശ്യപ്പെട്ട് ഇയാൾ വ്യാജ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ നിന്ന് അവർക്ക് സന്ദേശങ്ങൾ അയച്ചു. അല്ലെങ്കിൽ അശ്ലീല വെബ്സൈറ്റുകളിൽ വീഡിയോ അപ്ലോഡ് ചെയ്യുമെന്നും മഹേഷ് ഭീഷണിപ്പെടുത്തി.

ഇത് എന്തെങ്കിലും തമാശയായിരിക്കാം എന്ന് കരുതി യുവതി ആദ്യം അത് അവഗണിച്ചു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം, അയാൾ ചെറിയ വീഡിയോ അയച്ചു. ഇര ഉടൻ തന്നെ സൈബർ ഇകണോമിക് ആൻഡ് നാർകോട്ടിക് ക്രൈം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പ്രതിയുടെ ഐപി വിലാസം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഇയാളെ പിടികൂടി.

ചോദ്യം ചെയ്യലിൽ മഹേഷ് കുറ്റങ്ങൾ സമ്മതിച്ചു. ക്യാമറ, ലാപ്‌ടോപ്, രണ്ട് മെമ്മറി കാർഡുകൾ, പെൻഡ്രൈവ്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പ്രതിയുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു. 1500 രൂപയ്ക്ക് ഓൺലൈനിൽ നിന്നാണ് ക്യാമറ വാങ്ങിയതെന്ന് മഹേഷ് പറഞ്ഞു. ഇതേ രീതി ഉപയോഗിച്ച് ഇയാൾ മറ്റ് സ്ത്രീകളെയും ശല്യം ചെയ്തിട്ടുണ്ട്.

ഇരകളെ ബ്ലാക്മെയിൽ ചെയ്യുന്ന പ്രതി, റെകോർഡ് ചെയ്ത മറ്റ് നിരവധി വീഡിയോ ക്ലിപുകളും പൊലീസ് കണ്ടെത്തി. എന്നാൽ അപമാനം ഭയന്ന് ആരും പരാതി നൽകിയില്ല.
‘ഈ വീഡിയോകൾ ഉപയോഗിച്ച് അയാൾ ഇരകളെ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ബന്ധപ്പെടും. തുടർന്ന് ബ്ലാക് മെയിൽ ചെയ്യും. ലൈംഗിക ബന്ധത്തിൽ ഏർപെടാനും ആവശ്യപ്പെടും’
പൊലീസ് പറഞ്ഞു.

Back to top button
error: