കൊച്ചി: പെരുമ്പാവൂരില്‍ ഇതരസംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കിടയിലും നാട്ടുകാരായ വിദ്യാര്‍ഥികള്‍ക്കിടയിലും മയക്കുമരുന്ന് ഉപയോഗം സജീവം. പരാതികള്‍ വ്യാപകമായതോടെ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍.
അഞ്ചുലക്ഷം രൂപയുടെ ഹെറോയിന്‍ മയക്കുമരുന്നുമായി അസം സ്വദേശിയായ നസ്റുള്‍ ഇസ്ലാമിനെയാണ് പെരുമ്പാവൂര്‍ അറക്കപ്പടിയില്‍നിന്ന് എക്സൈസ് സംഘം പിടികൂടിയത്. 181 കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന ഹെറോയിനാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്.
അസമില്‍നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ചതാണ് ഇവയെന്ന് എക്സൈസ് പറഞ്ഞു. ചെറിയ മരുന്ന് കുപ്പികളിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. വില്‍പ്പനയ്ക്കും കൈമാറ്റത്തിനുമുള്ള എളുപ്പത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രതിയുടെ മൊഴി.
ഒരു കുപ്പിക്ക് 1500 രൂപ മുതല്‍ 2500 രൂപ വരെയാണ് ഈടാക്കിയാണ് ഹെറോയിന്‍ വില്‍പ്പന നടത്തിയിരുന്നത്. മറുനാടന്‍ തൊഴിലാളികള്‍ക്ക് പുറമേ വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കും മയക്കുമരുന്ന് നല്‍കിയിരുന്നത് ഇയാള്‍ ആണോ എന്നത് അന്വേഷിച്ചുവരികയാണ്. പ്രദേശത്ത് പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു.