രാജകുമാരി: തമിഴ്‌നാട്ടിലെ കറിപ്പൗഡര്‍ കമ്പനികള്‍ക്കായി ചുക്കുനാറി മരങ്ങളുടെ തൊലി അനധികൃതമായി കടത്തിയിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്‌നാട് തേവാരം സ്വദേശികളായ മുരുകന്‍, പാല്‍രാജ് എന്നിവരാണ് അറസ്റ്റിലായത്.
ശാന്തമ്പാറ കെ.ആര്‍.വി. എസ്‌റ്റേറ്റില്‍ അതിക്രമിച്ച് കയറി ചുക്കുനാറി മരങ്ങളുടെ തൊലിചെത്തി തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ കറിപ്പൊടി കമ്പനികള്‍ക്ക് നല്‍കാനായി തോട്ടത്തിലുള്ള നിരവധി ചുക്കുനാറി മരങ്ങളില്‍ കയറി മരത്തിന്റെ മുകള്‍ ഭാഗംമുതല്‍ അടിവശം വരെയുള്ള ഭാഗത്തെ തൊലി ചെത്തിയെടുക്കുകയാണ് ചെയ്യുക.
തുടര്‍ന്ന് നിരവധി കഴുതകളെ എത്തിച്ച് അവയുടെ പുറത്ത് കെട്ടിവച്ച് നടത്തി കേരള അതിര്‍ത്തികടത്തി തമിഴ്‌നാട്ടിലെത്തിച്ച് വില്‍ക്കുകയാണ് ചെയ്യുക. ആഴ്ചകളുടെ പരിശ്രമം കൊണ്ടാണ് വലിയ അളവില്‍ തൊലി ചെത്തിയെടുത്ത് തമിഴ്‌നാട്ടിലേക്ക് കടത്തുന്നത്.
വനപാലകര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്. പൊന്‍മുടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സെക്ഷന്‍ ഫോറസ്റ്റര്‍ സി.കെ. സുജിത്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ബിനീഷ് ജോസ്, റിസര്‍വ് ഫോറസ്റ്റ് വാച്ചര്‍ ബി. ദീപു എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.