തിരുവനന്തപുരം: പാലക്കാട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷാജഹാന്റെ കൊലപാതകത്തെ അപലപിക്കുന്നതായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സംഭവത്തില്‍ അന്വേഷണ ഘട്ടത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. പൊലീസ് അന്വേഷിക്കട്ടെ. ദൃക്‌സാക്ഷിയുടെ മൊഴിയില്‍ ഗൗരവമായ അന്വേഷണം നടത്തണം. കേസിലെ വിവരങ്ങള്‍ പുറത്തുവരട്ടെയെന്നും സതീശന്‍ പറഞ്ഞു. സിപിഎം നേതൃത്വം നടത്തിയ പ്രസ്താവന അന്വേഷണത്തെ ബാധിക്കും. എല്ലാ സംഭവങ്ങളിലും സിപിഎം മറ്റുള്ളവരുടെ മേല്‍ പഴിചാരുന്നവരാണ്. നാട്ടില്‍ നടക്കുന്ന സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന്, അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ എല്ലാം സിപിഎമ്മിന് പങ്കുണ്ടെന്നും വി ഡി സതീശന്‍ കോഴിക്കോട് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്ന് സതീശന്‍ പ്രതികരിക്കുമ്പോള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ സ്വീകരിച്ചത്. കൊലപാതകത്തില്‍ പങ്കില്ലെന്ന ബി.ജെ.പി. വാദത്തെ പിന്തുണച്ച സുധാകരന്‍, രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും എല്ലാം ബി.ജെ.പിയുടെ തലയില്‍വയ്ക്കാന്‍ കഴിയുമോ എന്നായിരുന്നു ചോദിച്ചത്.
അതേസമയം കൊലപാതകികളുടെ രാഷ്ട്രീയം സംബന്ധിച്ച് വിവാദങ്ങള്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഷാജഹാന്‍ 2008ല്‍ ബിജെപി പ്രവര്‍ത്തകനായിരുന്ന ആറുച്ചാമിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസില്‍ ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. കൊലപാതകവുമായി ബിജെപിക്ക് ബന്ധമില്ലെന്നും സിപിഎമ്മിലെ പ്രാദേശിക വിഭാഗീയത മറച്ച് വയ്ക്കാനാണ് ബിജെപിയെ മറയാക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാര്‍ ആരോപിച്ചു. പ്രതികളുടെ സിപിഎം അനുകൂല സാമൂഹിക മാധ്യമ പോസ്റ്റുകള്‍ പങ്കുവച്ചാണ് സിപിഎം പ്രചാരണത്തിനെതിരെ ബിജെപി രംഗത്തെത്തിരിക്കുന്നത്.
എന്നാല്‍ ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്നാണ് സിപിഎം വാദം. ക്രിമിനല്‍ പ്രവര്‍ത്തനം ചോദ്യം ചെയ്തത് കൊലപാതകത്തിന് പ്രേരണയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിക്കുന്നു. കൊലപാതകത്തിന് ശേഷം വ്യാജപ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരതയാണെന്നും സിപിഎം കുറ്റപ്പെടുത്തി. ഷാജഹാന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ വെച്ച ബോര്‍ഡ് ആര്‍എസ്എസ് എടുത്ത് മാറ്റി. പകരം ശ്രീകൃഷ്ണ ജയന്തി ബോര്‍ഡ് വച്ചു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറയുന്നു.
പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിലുള്‍പ്പെടെ പ്രതികള്‍ പങ്കെടുത്തുവെന്നു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പറഞ്ഞു. പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല. പ്രതികളെ വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതാണ്. ഷാജഹാനെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികളെത്തിയതെന്നും സുരേഷ് ബാബു പ്രതികരിച്ചു.
ഷാജഹാന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമാണെന്നാണ് എഫ്.ഐ.ആര്‍. ഷാജഹാന്റെ കാലിലും കഴുത്തിലും ഗുരുതരമായി വെട്ടേറ്റുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ശബരി, അനീഷ് എന്നീ രണ്ട് പേരാണ് ഷാജഹാനെ വെട്ടിയതെന്നും ദൃക്സാക്ഷിയായ സുരേഷ് പറഞ്ഞു. തന്റെ മകന്‍ സുജീഷും അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന് സുരേഷ് പറയുന്നു. വെട്ടേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചത് സുരേഷ് ആണ്. ആദ്യം ശബരിയും പിന്നീട് അനീഷും വെട്ടിയെന്നാണ് സുരേഷിന്റെ മൊഴി.
ഞായറാഴ്ച രാത്രി 9.30-ന് കുന്നങ്കാട് വീടിനടുത്തുള്ള കടയ്ക്ക് പരിസരത്തുവച്ചാണ് ഷാജഹാന് വെട്ടേറ്റത്. പ്രദേശത്ത് നിലനിന്നിരുന്ന ചില തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഷാജഹാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ദാരുണമായ കൊലപാതകം നടന്നത്. സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെ, അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.