NEWSWorld

ദുബൈയില്‍ പൊടിക്കാറ്റ്; നിരവധി വിമാന സര്‍വീസുകളെ ബാധിച്ചു

ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ സര്‍വീസുകളെയും ബാധിച്ചു. പ്രതികൂല കാലാവസ്ഥ ഞായറാഴ്‍ച ഉച്ചയ്‍ക്ക് ശേഷമുള്ള ചില സര്‍വീസുകളെ ബാധിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 10 വിമാനങ്ങള്‍ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും അടുത്തുള്ള മറ്റ് വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിട്ടു. ദുബൈയിലും അബുദാബിയിലും അതിശക്തമായ പൊടിക്കാറ്റാണ് ഞായറാഴ്‍ച മുഴുവന്‍ അനുഭവപ്പെട്ടത്.

ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും ദൂരക്കാഴ്‍ച 500 മീറ്ററില്‍ താഴെയായി കുറഞ്ഞുവെന്ന് യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സര്‍വീസുകള്‍ താളംതെറ്റുന്നത് കുറയ്‍ക്കാനും എത്രയും വേഗം സാധാരണ നിലയിലുള്ള പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നതിനുമായി ബന്ധപ്പെട്ട എല്ലാവരുമായും ചേര്‍ന്ന് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. അതേസമയം മോശം കാലാവസ്ഥ കാരണം തങ്ങളുടെ ചില വിമാന സര്‍വീസുകള്‍ വൈകിയതായി വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ അറിയിച്ചു.

Signature-ad

സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മോശം കാലാവസ്ഥ കാരണം തങ്ങളുടെ ഉപഭോക്താക്കള്‍ നേരിടേണ്ടി വന്നേക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്നും ഫ്ലൈ ദുബൈ വക്താവ് പറഞ്ഞു. ദുബൈയിലെ പല സ്ഥലങ്ങളിലും പൊടിക്കാറ്റ് മൂലം ദൂരക്കാഴ്‍ച 500 മീറ്ററിലും താഴെയായതോടെ ബുര്‍ജ് ഖലീഫയും ഐന്‍ ദുബൈയും ഉള്‍പ്പെടെയുള്ളവയുടെ ദൂരക്കാഴ്‍ച അസാധ്യമായി. അതേസമയം അഞ്ച് എമിറേറ്റുകളില്‍ ഇന്ന് ഇന്ന് ശക്തമായ മഴ ലഭിക്കുകയും ചെയ്‍തു. യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം പൊടി നിറഞ്ഞ കാലവസ്ഥയും മഴയും അടുത്ത നാല് ദിവസം കൂടി തുടരും.

Back to top button
error: