
പാലക്കാട് വീണ്ടും ചോരപ്പുഴ. കുന്നങ്കാട് സിപിഎം നേതാവിനെ വെട്ടി കൊലപ്പെടുത്തി. സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ കുന്നങ്കാട് വീട്ടിൽ ഷാജഹാൻ (40) ആണു കൊല്ലപ്പെട്ടത്. ഭാര്യ: ഐശുമ്മ, മക്കൾ: ഷാഹിർ, ഷഹീർ, ഷിഫാന.
ബി.ജെ.പിയാണ് സംഭവത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. ഡി.വൈ.എഫ്.ഐയിൽനിന്നു അടുത്ത കാലത്ത് ബി.ജെ.പിയിൽ ചേർന്ന രണ്ട് 2 പേരാണ് കൊലപാതകത്തിന്റെ ആസൂത്രകരെന്നും സി.പി.എം ചൂണ്ടിക്കാട്ടി.
ഇന്നലെ (ഞായർ) രാത്രി ഒൻപതരയോടെ കുന്നങ്കാട് ജംക്‌ഷനിലാണ് സംഭവം. സുഹൃത്തിനൊപ്പം കടയ്ക്കു മുന്നിൽ സംസാരിച്ചുകൊണ്ടു നിന്ന ഷാജഹാനെ പരിസരത്തു കാത്തു നിന്ന ഒരു സംഘം വടിവാൾ ഉപയോഗിച്ചു വെട്ടിവീഴ്ത്തി. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഇദ്ദേഹത്തെ ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടേക്കാടും പാലക്കാട് നഗരത്തിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി.
നേരത്തെ നടന്ന മലമ്പുഴ ആറുച്ചാമി കൊലക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചവരാണ് പ്രതികൾ എന്നാണ് പൊലീസ് നിഗമനം. 4 പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് തിരിച്ചറിഞ്ഞു. ഇവർക്കായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. കൊലപാതകത്തിൽ പങ്കില്ലെന്നും സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കാരണമെന്നും ബിജെപി അറിയിച്ചു.
എ. പ്രഭാകരൻ എംഎൽഎ ജില്ലാ ആശുപത്രിയിലും പിന്നീടു സംഭവ സ്ഥലവും സന്ദർശിച്ചു.






