KeralaNEWS

അപ്രതീക്ഷിത ദുരന്തം കവർന്നത് അമലിന്റെ ജീവനും എൻജിനിയറിങ് സ്വപ്നങ്ങളും

മണർകാട്: മണർകാട് പണ്ടാരത്തിക്കുന്നേൽ വീട്ടിൽ കണ്ണീർ മഴ തോരുന്നില്ല. തോട്ടിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ മകൻ ഇനി തിരിച്ചെത്തില്ല എന്ന വാർത്തയോട് പൊരുത്തപ്പെടുവാൻ കഴിയാതെ തേങ്ങുകയാണ് മാതാപിതാക്കൾ. ദുരിതപ്പെരുമഴ സമ്മാനിച്ച ഈ ദുരന്ത വാർത്തയുടെ ഞെട്ടലിലാണ് നാടും.

ബുധൻ പകൽ മൂന്ന് മണിയോട് കൂടിയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കൂട്ടുകാർക്കൊപ്പം മണർകാട് മാലത്തെ തോട്ടിൽ കുളിക്കാനിറങ്ങിയ അമൽ ഒഴുക്കിൽ പെടുകയായിരുന്നു.കൂട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും രക്ഷപെടുത്താനായില്ല. തുടർന്ന് പോലീസും അഗ്നി രക്ഷാസേനയുടെ സ്‌കൂബാ ടീമും നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അധ്യാപകരായ പണ്ടാരത്തിക്കുന്നേൽ മാത്യു പി കുര്യൻ , വിനു സൂസൻ സഖറിയ ദമ്പതികളുടെ മകനാണ് മരിച്ച അമൽ മാത്യു.

Signature-ad

പഠനത്തിൽ മികവ് പുലർത്തിയിരുന്ന അമൽ മാതാപിതാക്കൾ പഠിപ്പിക്കുന്ന മണർകാട് സെന്റ് മേരീസ് സ്‌കൂളിൽ തന്നെയായിരുന്നു പ്ലസ് ടു പഠനം പൂർത്തീകരിച്ചത്. ഒരു വിഷയത്തിന് ഒഴികെ മറ്റെല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ അമലിന് കേവലമായ മാർക്കിനാണ് ഫുൾ എ പ്ലസ് നഷ്ടമായത്. ആ വിഷയത്തിൽ ഇംപ്രൂവ് ചെയ്ത റിസൽട്ടിനായി കാത്തിരിക്കുകയായിരുന്നു.

മികച്ച മാർക്ക് നേടി വിജയിച്ച അമൽ എൻജീനിയറിങിനായി പ്രവേശന പരീക്ഷക്കായുള്ള തയ്യാറെടുപ്പും നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത ദുരന്തം അമലിന്റെ ജീവൻ കവർന്നത്. ഒന്നിച്ച് കുളിക്കാനിറങ്ങിയ പ്രിയ സുഹൃത്തിന്റെ മരണം സമ്മാനിച്ച ഞെട്ടലിലാണ് ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ.

Back to top button
error: