സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി . 178 ദുരിതാശ്വാസ ക്യാംപുകള്‍ സംസ്ഥാനത്ത് തുറന്നിട്ടുണ്ട്. 5168 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. കനത്ത മഴയില്‍ സംസ്ഥാനത്ത് മൂന്ന് വീടുകള്‍ കൂടി പൂര്‍ണമായും, 72 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഇതോടെ പൂര്‍ണമായി തകര്‍ന്ന വീടുകളുടെ എണ്ണം 30 ആയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഏറ്റവും പുതിയ മഴസാധ്യത പ്രവചന പ്രകാരം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് അതിശക്തമായ മഴപെയ്യുക. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.