ദില്ലി: പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് നല്‍കിയ യാത്രയയപ്പ് ചടങ്ങിനിടെ, അഭിവാദ്യം ചെയ്ത് നീങ്ങിയ രാഷ്ട്രപതിയെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന തിരിക്കില്‍ മോദി അവഗണിച്ചെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്ത്.
രാഷ്ട്രപതി തൊഴുത് നീങ്ങുന്നതിന്റെ വിഡിയോ പങ്കു വച്ച്, സര്‍ ഇവര്‍ ഇങ്ങനെയാണ്. അങ്ങയുടെ കാലാവധി കഴിഞ്ഞു ഇനി തിരിഞ്ഞു നോക്കില്ലെന്ന പരിഹാസം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തി.
സമാന രീതിയിലുള്ള വിമര്‍ശനം കോണ്‍ഗ്രസ് നേതാക്കളും ഉന്നയിച്ചതിന് പിന്നാലെ പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങള്‍ ബിജെപി പുറത്തു വിട്ടു.
രാഷ്ട്രപതിയെ പ്രധാനമന്ത്രി പ്രത്യഭിവാദ്യം ചെയ്‌തെന്നും ദൃശ്യത്തിലെ ഒരു ഭാഗം മാത്രം ഗൂഢോദ്ദേശ്യത്തോടെ പ്രചരിപ്പിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.
ഇന്നലെയാണ് രാഷ്ട്രപതിക്ക് പാര്‍ലമെന്റ് യാത്രയയപ്പ് നല്‍കിയത്. രാഷ്ട്രപതിയായി രാജ്യത്തെ സേവിക്കാന്‍ ലഭിച്ച അവസരത്തിന് രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും നന്ദി പറയുന്നതായി രാം നാഥ് കോവിന്ദ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു.
തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് എല്ലാവര്‍ക്കും നന്ദി. രാഷ്ട്രപതി സ്ഥാനം രാജ്യത്തെ സേവിക്കാനുള്ള അവസരമായാണ് കണ്ടത്. നിങ്ങള്‍ ഓരോരുത്തര്‍ക്കും തന്റെ ഹൃദയത്തില്‍ പ്രത്യേക ഇടമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ നീതി പൂര്‍വം പ്രവര്‍ത്തിക്കണം. ദ്രൗപദി മുര്‍മ്മുവിന് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്.