അമ്പലവയല്‍: വയനാട് അമ്പലവയലില്‍ വാഹനങ്ങളിലെ ബാറ്ററി മോഷണം പോകുന്നത് പതിവാകുന്നു. റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററികളാണ് രാത്രി സമയങ്ങളില്‍ മോഷ്ടാക്കള്‍ കവരുന്നത്. നാട്ടുകാരുടെ പരാതിയില്‍ അമ്പലവയല്‍ പോലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം രാത്രി എടയ്ക്കല്‍ ഗുഹയ്ക്ക് സമീപം നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയുടെ ബാറ്ററിയാണ് അവസാനമായി മോഷണം പോയത്. എടക്കല്‍ സ്വദേശി ഷുക്കൂറിന്റെ ടിപ്പര്‍ ലോറിയാണിത്. രാവിലെ വാഹനമെടുക്കാന്‍ വന്ന സമയത്താണ് ബാറ്ററി മോഷണം പോയത് അറിയുന്നത്. സമീപത്ത് നിര്‍ത്തിയിട്ട മറ്റൊരു വാഹനത്തിന്റെ ബാറ്ററിയും മോഷ്ടാക്കള്‍ കവര്‍ന്നു.
ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് പത്തിലേറെ വാഹനങ്ങളിലെ ബാറ്ററി ഇവിടെ നിന്ന് നഷ്ടമായതായി നാട്ടുകാര്‍ പറയുന്നു. വീടുകളിലേക്ക് വാഹനം കയറ്റാന്‍ സൗകര്യമില്ലാത്തതിനാല്‍ റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളിലാണ് രാത്രിയുടെ മറവില്‍ മോഷണം നടക്കുന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടും മോഷണം തുടരുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
സമീപപ്രദേശങ്ങളായ മേപ്പാടി, അന്പൂത്തി, ആയിരംകൊല്ലി എന്നിവിടങ്ങളിലും ഇത്തരത്തില്‍ ബാറ്ററികള്‍ നഷ്ടമായിട്ടുണ്ട്. എടക്കല്‍ ഗുഹ കാണാനെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങളിലും മോഷണം നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അന്പലവയല്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.